---
title: "പരിക്കു മറച്ചുവെച്ച് ലോകകപ്പ് കളിച്ചോ? ബാബർ അസമും ഫഖർ സമാനും വിവാദക്കുരുക്കിൽ; അന്വേഷണത്തിന് ശുപാർശ"
english_title: "Babar Azam and Fakhar Zaman in a controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347790/babar-azam-and-fakhar-zaman-in-a-controversy"
published_at: "2026-03-15T09:53:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b634a6a3e97_5.jpg"
keywords: []
---

# പരിക്കു മറച്ചുവെച്ച് ലോകകപ്പ് കളിച്ചോ? ബാബർ അസമും ഫഖർ സമാനും വിവാദക്കുരുക്കിൽ; അന്വേഷണത്തിന് ശുപാർശ

> **Lead Summary:** **കറാച്ചി: [ **ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി സെലക്ഷൻ കമ്മിറ്റി അംഗം ആക്വിബ് ജാവേദ് രംഗത്തെത്തി.

## Article Content

**കറാച്ചി: [ **ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി സെലക്ഷൻ കമ്മിറ്റി അംഗം ആക്വിബ് ജാവേദ് രംഗത്തെത്തി.

സൂപ്പർ താരം ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പൂർണ്ണമായ കായികക്ഷമതയില്ലാതെയാണ് ലോകകപ്പിൽ കളിച്ചതെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ബാബർ അസമിനെ കൂടാതെ ഫഖർ സമാൻ, സൽമാൻ മിർസ എന്നിവരുടെ ഫിറ്റ്നസ് കാര്യത്തിലും സംശയമുണ്ടെന്നും ഇക്കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അടിയന്തരമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആക്വിബ് ജാവേദ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ലോകകപ്പ് കഴിഞ്ഞ് ടീം നാട്ടിലെത്തിയ ശേഷമാണ് പല താരങ്ങളുടെയും പരിക്കിനെക്കുറിച്ച് സെലക്ടർമാർ പോലും അറിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പരിക്കുണ്ടായിട്ടും അത് മറച്ചുവെച്ചാണോ ഇവർ ടീമിൽ തുടർന്നതെന്ന് പരിശോധിക്കണമെന്നും, താരങ്ങളുടെ ഫിറ്റ്നസ് നിരീക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ഹെഡ് കോച്ചും ഫിസിയോയും ഇക്കാര്യം സെലക്ടർമാരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ നിന്നും നാഷണൽ ടി20 ചാമ്പ്യൻഷിപ്പിൽ നിന്നും ബാബർ അസം വിട്ടുനിൽക്കുന്നത് പരിക്കു മൂലമാണെന്നും ആക്വിബ് വ്യക്തമാക്കി. അതേസമയം, ബാബർ അസമിന്റെ പിന്മാറ്റത്തെക്കുറിച്ച് വിരുദ്ധമായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പരിക്കല്ല, മറിച്ച് തന്റെ ബാറ്റിംഗ് സാങ്കേതികതയിലെ പിഴവുകൾ പരിഹരിക്കാനാണ് താരം വിശ്രമമെടുക്കുന്നതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. വരാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന് മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബാബർ എന്നും സൂചനയുണ്ട്.

എന്നാൽ സെലക്ഷൻ കമ്മിറ്റി അംഗം തന്നെ പരസ്യമായി ഫിറ്റ്നസ് വിവാദം ഉയർത്തിയതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിരോധത്തിലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347790/babar-azam-and-fakhar-zaman-in-a-controversy)