---
title: "ഭക്ഷണമില്ല, വെളിച്ചവുമില്ല; ക്യൂബൻ സർക്കാരിനെതിരെ ജനക്കൂട്ടം തെരുവിൽ; പ്രതിഷേധക്കാര്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിന് തീവെച്ചു"
english_title: "Protesters set fire to Communist Party office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347785/protesters-set-fire-to-communist-party-office"
published_at: "2026-03-15T09:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b62f2495ef3_Protesters_set_fire_to_Communist_Party_office.jpg"
keywords: []
---

# ഭക്ഷണമില്ല, വെളിച്ചവുമില്ല; ക്യൂബൻ സർക്കാരിനെതിരെ ജനക്കൂട്ടം തെരുവിൽ; പ്രതിഷേധക്കാര്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിന് തീവെച്ചു

> **Lead Summary:** ഹവാന: കടുത്ത ഭക്ഷ്യക്ഷാമത്തിലും വൈദ്യുതി തടസ്സത്തിലും വലയുന്ന ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമാകുന്നു. മധ്യ ക്യൂബയിലെ മൊറോൺ നഗരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് പ്രക്ഷോഭകർ ആക്രമിച്ചതായി ഔദ്യോഗിക പത്രമായ ഇൻവാസർ റിപ്പോർട്ട് ചെയ്തു.

## Article Content

ഹവാന: കടുത്ത ഭക്ഷ്യക്ഷാമത്തിലും വൈദ്യുതി തടസ്സത്തിലും വലയുന്ന ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമാകുന്നു. മധ്യ ക്യൂബയിലെ മൊറോൺ നഗരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് പ്രക്ഷോഭകർ ആക്രമിച്ചതായി ഔദ്യോഗിക പത്രമായ ഇൻവാസർ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം സമാധാനപരമായി ആരംഭിച്ച പ്രതിഷേധ റാലിയാണ് ശനിയാഴ്ച പുലർച്ചെയോടെ സംഘർഷത്തിൽ കലാശിച്ചത്. അമേരിക്കൻ എണ്ണ ഉപരോധം മൂലം രാജ്യത്ത് വൈദ്യുതി ഉൽപ്പാദനം നിലച്ചതും അവശ്യവസ്തുക്കളുടെ ക്ഷാമവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്.

പാർട്ടി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഊർജ്ജ മേഖല തകർന്നതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ നേരിട്ട് രംഗത്തിറങ്ങിയത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേന നഗരത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

പാർട്ടി ഓഫിസിന് നേരെയുള്ള ആക്രമണം ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് സ്ഥിരീകരിച്ചു. നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കത്തിനെതിരായ ദേഷ്യം മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും എന്നാൽ, നശീകരണ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ക്യൂബയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ സഹായിയായ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ പിടികൂടിയതിനുശേഷം അമേരിക്ക ക്യൂബയ്‌ക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ക്യൂബയിലേക്കുള്ള വെനിസ്വേലൻ എണ്ണ കയറ്റുമതി നിർത്തിവച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന ഏതൊരു രാജ്യത്തിനും മേൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി.

അമേരിക്കൻ ഉപരോധം കാരണം ഭക്ഷണം, ഇന്ധനം, വൈദ്യുതി, മരുന്ന് എന്നിവയുടെ ക്ഷാമം ക്യൂബ നേരിടുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി വാഷിംഗ്ടണുമായി ചർച്ചകൾ ആരംഭിച്ചതായി ക്യൂബൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347785/protesters-set-fire-to-communist-party-office)