---
title: "ചാത്തന്നൂരിലും ചടയമംഗലത്തും കോൺഗ്രസിൽ കലാപം: സീറ്റ് വിഭജനത്തെച്ചൊല്ലി പ്രാദേശിക നേതൃത്വം ഇടയുന്നു"
english_title: "Riots in Congress in Chathannur and Chadayamangalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347783/riots-in-congress-in-chathannur-and-chadayamangalam"
published_at: "2026-03-15T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b62d3c94254_1.jpg"
keywords: []
---

# ചാത്തന്നൂരിലും ചടയമംഗലത്തും കോൺഗ്രസിൽ കലാപം: സീറ്റ് വിഭജനത്തെച്ചൊല്ലി പ്രാദേശിക നേതൃത്വം ഇടയുന്നു

> **Lead Summary:** **കൊല്ലം: [ **ചാത്തന്നൂരിലും ചടയമംഗലത്തും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നു. ചാത്തന്നൂർ സീറ്റ് ഫോർവേഡ് ബ്ലോക്കിന് വിട്ടുനൽകാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ പ്രാദേശിക നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

## Article Content

**കൊല്ലം: [ **ചാത്തന്നൂരിലും ചടയമംഗലത്തും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നു. ചാത്തന്നൂർ സീറ്റ് ഫോർവേഡ് ബ്ലോക്കിന് വിട്ടുനൽകാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ പ്രാദേശിക നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി 'സേവ് കോൺഗ്രസ് ചാത്തന്നൂർ' എന്ന പേരിൽ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യാൻ നേതൃത്വം അവസരം ഒരുക്കണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം.

കഴിഞ്ഞ ദിവസം ചേർന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളടക്കമുള്ള ജനപ്രതിനിധികൾ രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയതോടെ പ്രതിഷേധം കൂടുതൽ ഗൗരവകരമായി. സ്വന്തമായി അടിത്തറയില്ലാത്ത ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകുന്നത് പരാജയം വിളിച്ചുവരുത്തുമെന്നും, ഇത് ഇടതുവിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകാൻ കാരണമാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് ഈ സാഹചര്യം അനുകൂലമാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ഭയം. അതേസമയം, ചടയമംഗലത്തും സമാനമായ രീതിയിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുകയാണ്.

ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് ഇവിടെ പ്രതിഷേധത്തിന് കാരണമായത്. അദ്ദേഹത്തിനെതിരെയുള്ള കശുവണ്ടി കേസുകളും രാഷ്ട്രീയ നിലപാടുകളും ഉയർത്തിക്കാട്ടിയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

മണ്ഡലത്തിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളിലും സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാകാത്തത് യുഡിഎഫ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347783/riots-in-congress-in-chathannur-and-chadayamangalam)