---
title: "സ്റ്റേഷന് പുറത്ത് വലവിരിച്ച് അക്രമിസംഘം; ഗുണ്ടാ നേതാവ് അലുവ അതുൽ കൊല്ലപ്പെട്ടത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ"
english_title: "karunagapalli Aluva Athul murder, murder plot planned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347778/karunagapalli-aluva-athul-murder-murder-plot-planned-new-"
published_at: "2026-03-15T08:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6208c9e4ce_crime.jpg"
keywords: []
---

# സ്റ്റേഷന് പുറത്ത് വലവിരിച്ച് അക്രമിസംഘം; ഗുണ്ടാ നേതാവ് അലുവ അതുൽ കൊല്ലപ്പെട്ടത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ

> **Lead Summary:** **കൊല്ലം: ക**രുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുൽ വെട്ടിക്കൊലപ്പെട്ട സംഭവത്തിന് പിന്നിൽ അക്രമിസംഘത്തിന്റെ കൃത്യമായ ആസൂത്രണം.

## Article Content

**കൊല്ലം: ക**രുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുൽ വെട്ടിക്കൊലപ്പെട്ട സംഭവത്തിന് പിന്നിൽ അക്രമിസംഘത്തിന്റെ കൃത്യമായ ആസൂത്രണം.

ജിം സന്തോഷ് വധക്കേസിൽ പ്രതിയായിരുന്ന അതുലിന് മാർച്ച് ഏഴിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന കോടതി നിർദ്ദേശം കൃത്യമായി മനസ്സിലാക്കിയാണ് പ്രതികൾ കൊലപാതകത്തിന് കളമൊരുക്കിയത്.

അക്രമിസംഘം സ്റ്റേഷന് പുറത്ത് പലയിടങ്ങളിലായി നില ഉറപ്പിച്ചിരുന്നു. അതുൽ സ്റ്റേഷനിൽ എത്തിയത് രാവിലെ 10.30 ന് ശേഷമാണ്. പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ ഇറങ്ങി, പിന്നാലെ 17 മിനിറ്റിനുള്ളിൽ ആക്രമണം നടത്തി.

പ്രതികൾ കൃത്യം നടത്തിയത് കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ആസൂത്രണം. പ്രതികളുടെ സുഹൃത്ത് അനീറിനെ അതുൽ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്‌ഐആറിൽ ഉള്ളത്. അനീറിനെ ആക്രമിച്ചതിന് പിന്നാലെ അതുലിന് ഒരുവർഷംകൊണ്ട് തിരിച്ച് പണി നൽകുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.

അതേസമയം കേസിൽ എല്ലാ പ്രതികളും സംഭവം നടന്ന് 12 മണിക്കൂറിനകം പിടിയിലായി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായികളായവരുമടക്കം എട്ട് പേരാണ് പൊലീസ് പിടിയിലായത്. കൊലപാതക സമയത്ത് പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഹരിയാന രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാർ ഉപയോഗിച്ചാണ് പ്രതികൾ അതുൽ സഞ്ചരിച്ച കാറിനെ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് ഇടിച്ചിട്ടതും കൃത്യം നടത്തി രക്ഷപ്പെട്ടതും. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347778/karunagapalli-aluva-athul-murder-murder-plot-planned-new-)