---
title: "‘ഹോർമുസ് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശക്തി തകർത്തു’; പ്രഖ്യാപനവുമായി ട്രംപ്"
english_title: "'Hormuz will open soon, Iran's military power has been destroyed'; Trump announces"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347763/hormuz-will-open-soon-irans-military-power-has-been-destroyed-trump-announces"
published_at: "2026-03-14T23:17:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b59f6530c48_25.jpg"
keywords: []
---

# ‘ഹോർമുസ് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശക്തി തകർത്തു’; പ്രഖ്യാപനവുമായി ട്രംപ്

> **Lead Summary:** **വാഷിംഗ്ടൺ: **ഹോർമുസ് കടലിടുക്ക് വൈകാതെ തുറക്കുമെന്നും ആഗോള വ്യാപാരത്തിനായി ഈ പാത സുരക്ഷിതമാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിൽ നിന്നുള്ള ഭീഷണികൾ അവസാനിപ്പിക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കുറിച്ചു.

## Article Content

**വാഷിംഗ്ടൺ: **ഹോർമുസ് കടലിടുക്ക് വൈകാതെ തുറക്കുമെന്നും ആഗോള വ്യാപാരത്തിനായി ഈ പാത സുരക്ഷിതമാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിൽ നിന്നുള്ള ഭീഷണികൾ അവസാനിപ്പിക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കുറിച്ചു.

ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചുവെന്നും മറ്റ് രാജ്യങ്ങൾ കൂടി സഹകരിക്കുന്നതോടെ ഹോർമുസ് മേഖലയിലെ ഭീഷണി എന്നന്നേക്കുമായി അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനിയൻ കപ്പലുകൾക്കും ബോട്ടുകൾക്കും നേരെ ആക്രമണം തുടരുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. അമേരിക്ക തീരപ്രദേശങ്ങളിൽ ബോംബാക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ട്രംപ് നിർദ്ദേശിച്ചതുപോലെ ഏതെങ്കിലും രാജ്യങ്ങൾ കപ്പലുകൾ അയക്കാൻ തയ്യാറായോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. എന്നാൽ ട്രംപിന്റെ പ്രസ്താവനകൾ നുണയാണെന്ന് യുഎന്നിലെ ഇറാൻ പ്രതിനിധി അലി ബഹ്‌റാനി വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വഴിതെളിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347763/hormuz-will-open-soon-irans-military-power-has-been-destroyed-trump-announces)