---
title: "'മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണം'; യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ"
english_title: "kerala government submits stand in supreme court on sabarimala womens entry issue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347729/kerala-government-submits-stand-in-supreme-court-on-sabarimala-womens-entry-issue"
published_at: "2026-03-14T18:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b558274c8db_sabarimala.jpg"
keywords: []
---

# 'മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണം'; യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ. മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത് എന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനം ഗുരുതരമായ മനുഷ്യാവകാശലംഘനം അല്ലെന്നും സർക്കാർ നിലപാടറിയിച്ചു. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ. മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത് എന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനം ഗുരുതരമായ മനുഷ്യാവകാശലംഘനം അല്ലെന്നും സർക്കാർ നിലപാടറിയിച്ചു. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്.

മതസ്വാതന്ത്ര്യത്തെയും അതിലെ കോടതി ഇടപെടലുകളെയും സംബന്ധിച്ച ഏഴ് ചോദ്യങ്ങൾക്കാണ് സർക്കാർ മറുപടി നൽകിയത്. ശബരിമല സ്ത്രീപ്രവേശന ആവശ്യത്തില്‍ പൊതുതാല്‍പര്യമില്ല എന്നും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ തീരുമാനമെടുക്കാനാവില്ല എന്നും സർക്കാർ നിലപാടറിയിച്ചു. യുക്തിയുടെയോ വികാരത്തിന്റെയോ അടിസ്ഥാനത്തില്ല വിശ്വാസം പരിശോധിക്കേണ്ടത്. വിശ്വാസം ആത്മാര്‍ത്ഥമായി പുലര്‍ത്തുന്നതാണോ എന്നാണ് പരിശോധിക്കേണ്ടത്.

മതവിഭാഗത്തിന്റെ ആഭ്യന്തര ആചാരങ്ങള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ചോദ്യം ചെയ്യാനാവില്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സ്ത്രീപ്രവേശനം തടയുന്നത് ഗുരുതര മനുഷ്യാവകാശലംഘനം അല്ല എന്നും നരബലി പോലെയുള്ള കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം ഇടപെടാം എന്നും സർക്കാർ നിലപാടറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുൻ നിലപാട് തിരുത്താമെന്ന തീരുമാനം ഉണ്ടായത്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു.

പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ഇതിനെ എതിർത്തെങ്കിലും 2018ൽ പിണറായി വിജയൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വിഷയത്തിൽ സംസ്ഥാന സർക്കാർ കോടതിയിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് ഏറെ ഉറ്റുനോക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് തിരുത്തി പുതിയ സത്യവാങ്‌മൂലം സമർപ്പിച്ചത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347729/kerala-government-submits-stand-in-supreme-court-on-sabarimala-womens-entry-issue)