---
title: "ഇറാന്റെ മിസൈൽ കരുത്തിന് മുന്നിൽ പ്രതിരോധം കടുപ്പിക്കാൻ അമേരിക്ക; ദക്ഷിണ കൊറിയയിൽ നിന്നും 'താഡ്' മിഡിൽ ഈസ്റ്റിലേക്ക്"
english_title: "US to strengthen defenses in the face of Iran's missile power"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347717/us-to-strengthen-defenses-in-the-face-of-irans-missile-power"
published_at: "2026-03-14T16:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5438374fc5_23.jpg"
keywords: []
---

# ഇറാന്റെ മിസൈൽ കരുത്തിന് മുന്നിൽ പ്രതിരോധം കടുപ്പിക്കാൻ അമേരിക്ക; ദക്ഷിണ കൊറിയയിൽ നിന്നും 'താഡ്' മിഡിൽ ഈസ്റ്റിലേക്ക്

> **Lead Summary:** **വാഷിംഗ്ടൺ: [ **പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു വൻയുദ്ധത്തിന്റെ വക്കിലെത്തിനിൽക്കെ, ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈൽ പ്രതിരോധ സംവിധാനമായ 'താഡ്' മിഡിൽ ഈസ്റ്റിലേക്ക് പുനർവിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചു.

## Article Content

**വാഷിംഗ്ടൺ: [ **പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു വൻയുദ്ധത്തിന്റെ വക്കിലെത്തിനിൽക്കെ, ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈൽ പ്രതിരോധ സംവിധാനമായ 'താഡ്' മിഡിൽ ഈസ്റ്റിലേക്ക് പുനർവിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചു.

ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരുന്ന താഡ് യൂണിറ്റുകളെ പശ്ചിമേഷ്യയിലേക്ക് മാറ്റാനുള്ള വാഷിംഗ്ടണിന്റെ ഈ നീക്കം ആഗോള പ്രതിരോധ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്. ഇറാന്റെ നിരന്തരമായ മിസൈൽ ആക്രമണങ്ങൾ ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലവിലുള്ള പ്രതിരോധ കവചങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.

അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത 'താഡ്', ശത്രു മിസൈലുകളെ അവയുടെ സഞ്ചാരപഥത്തിന്റെ അവസാന ഘട്ടത്തിൽ വെച്ച് തകർക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനമാണ്. സ്ഫോടകവസ്തുക്കൾക്ക് പകരം അതിവേഗത്തിൽ ചെന്ന് ഇടിച്ച് ലക്ഷ്യത്തെ തകർക്കുന്ന 'ഹിറ്റ്-ടു-കിൽ' സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രത്യേകത.

അതീവ ചിലവേറിയ ഈ സംവിധാനം അമേരിക്കയുടെ കൈവശം ആകെ എട്ട് യൂണിറ്റുകൾ മാത്രമാണുള്ളത്. ഏകദേശം 8,400 കോടി രൂപയോളം ചിലവ് വരുന്ന ഒരു താഡ് ബാറ്ററിയിൽ ആറ് മൊബൈൽ ലോഞ്ചറുകളും അത്യാധുനിക റഡാറുകളും നൂറോളം വിദഗ്ധ സൈനികരും ഉൾപ്പെടുന്നു.

ഈ മാസം ആദ്യം ജോർദാനിലുണ്ടായിരുന്ന താഡ് യൂണിറ്റിന്റെ റഡാർ ഇറാൻ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വിടവ് നികത്താനും ഇസ്രായേലിലെ തങ്ങളുടെ സൈനിക താവളങ്ങൾക്ക് സുരക്ഷയൊരുക്കാനുമാണ് അമേരിക്ക മുൻഗണന നൽകുന്നത്.

എന്നാൽ, വടക്കൻ കൊറിയയിൽ നിന്നുള്ള ഭീഷണി നിലനിൽക്കെ ദക്ഷിണ കൊറിയയിൽ നിന്ന് ഈ സംവിധാനം മാറ്റുന്നതിനെതിരെ പ്രസിഡന്റ് ലീ ജെയ്-മ്യുങ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ദക്ഷിണ കൊറിയ പങ്കുവെക്കുമ്പോൾ തന്നെ, അമേരിക്കയുടെ ഈ നീക്കം തന്ത്രപരമായ വലിയൊരു റിസ്കാണെന്നാണ് ആഗോള നിരീക്ഷകർ വിലയിരുത്തുന്നത്.

മിഡിൽ ഈസ്റ്റിലെ യുദ്ധം നീണ്ടുപോയാൽ കിഴക്കൻ ഏഷ്യയിലെ അമേരിക്കൻ സൈനിക തയ്യാറെടുപ്പുകളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസർ ജോൺ നിൽസൺ-റൈറ്റ് ഉൾപ്പെടെയുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇറാന്റെ മിസൈൽ കരുത്തിനെ പ്രതിരോധിക്കാൻ മറ്റ് മേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ മാറ്റേണ്ടി വരുന്നത്, ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക നേരിടുന്ന ആയുധ പരിമിതികളെയാണ് വെളിപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347717/us-to-strengthen-defenses-in-the-face-of-irans-missile-power)