---
title: "നാവിലെ നിറം മാറിയോ? എങ്കിൽ സൂക്ഷിക്കണം! ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്"
english_title: "Has the color of your tongue changed? If so, be careful! Don't ignore the warnings your body gives you"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347706/has-the-color-of-your-tongue-changed-if-so-be-careful-dont-ignore-the-warnings-your-body-gives-you"
published_at: "2026-03-14T15:57:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5388390734_Dont_ignore_the_warnings_your_body_gives_you.jpg"
keywords: []
---

# നാവിലെ നിറം മാറിയോ? എങ്കിൽ സൂക്ഷിക്കണം! ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്

> **Lead Summary:** ശരീരത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും പ്രകടമായ ലക്ഷണങ്ങളിലൂടെ നാവ് വെളിപ്പെടുത്താറുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, നാവിന്റെ നിറം, ഉപരിതലത്തിലെ വിള്ളലുകൾ, വ്രണങ്ങൾ എന്നിവ പല ഗുരുതര രോഗങ്ങളുടെയും സൂചനയാകാം. കാൻസർ പോലുള്ള മാരക രോഗങ്ങൾ മുതൽ ശരീരത്തിലെ പോഷകാഹാരക്കുറവ് വരെ തിരിച്ചറിയാൻ നാവിന്റെ പരിശോധനയിലൂടെ സാധിക്കും.

## Article Content

ശരീരത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും പ്രകടമായ ലക്ഷണങ്ങളിലൂടെ നാവ് വെളിപ്പെടുത്താറുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, നാവിന്റെ നിറം, ഉപരിതലത്തിലെ വിള്ളലുകൾ, വ്രണങ്ങൾ എന്നിവ പല ഗുരുതര രോഗങ്ങളുടെയും സൂചനയാകാം. കാൻസർ പോലുള്ള മാരക രോഗങ്ങൾ മുതൽ ശരീരത്തിലെ പോഷകാഹാരക്കുറവ് വരെ തിരിച്ചറിയാൻ നാവിന്റെ പരിശോധനയിലൂടെ സാധിക്കും.

സാധാരണയായി ഡോക്ടർമാർ നാവ് പരിശോധിക്കുന്നത് ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനക്ഷമതയും അണുബാധകളും മനസ്സിലാക്കാനാണ്. നാവിൽ കാണുന്ന വെളുത്ത പാടുകൾ, കടും ചുവപ്പ് നിറം, അല്ലെങ്കിൽ വേദനയില്ലാത്ത വ്രണങ്ങൾ എന്നിവ ഗൗരവമായി കാണണമെന്നും കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

നാവിലെ വെളുത്ത പാളി

ഉറക്കമുണരുമ്പോൾ നാവിൽ നേർത്ത വെളുത്ത പാടുകൾ കാണുന്നത് സാധാരണമാണെങ്കിലും അത് കട്ടിയുള്ള ആവരണമായി മാറുന്നത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കുന്നു. വായുടെ ശുചിത്വമില്ലായ്മ, നിർജ്ജലീകരണം എന്നിവയ്ക്ക് പുറമെ 'ഓറൽ ത്രഷ്' (Oral Thrush) എന്ന ഫംഗസ് അണുബാധ മൂലവും ഇത്തരത്തിൽ സംഭവിക്കാം. 'കാൻഡിഡ' എന്ന യീസ്റ്റ് വായിൽ അമിതമായി വളരുന്നതാണ് ഇതിന് കാരണം.

രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവർ എന്നിവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ചെറിയ കുട്ടികളിലും പ്രായമായവരിലും ഇത് സങ്കീർണ്ണമായേക്കാം. പല്ല് തേച്ചും നാവ് വൃത്തിയാക്കിയിട്ടും ഈ വെളുത്ത പാളികൾ മാറുന്നില്ലെങ്കിൽ അത് ഗൗരവമായി കാണണമെന്നും വിദഗ്ധമായ വൈദ്യപരിശോധന തേടണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

കടും ചുവപ്പ് അല്ലെങ്കില്‍ സ്‌ട്രോബറി നിറമുള്ള നാവ്

അസാധാരണമായി ചുവപ്പോ വീര്‍ത്തതോ ആയി കാണപ്പെടുന്ന നാവ് പോഷകാഹാരക്കുറവിന്റെ സൂചനയായിരിക്കാം. ഡോക്ടര്‍മാര്‍ ഈ ലക്ഷണത്തെ വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളിക് ആസിഡിന്റെ കുറവായി കണക്കാക്കുന്നു. ഇതോടൊപ്പം ക്ഷീണം,ബലഹീനത,കൈകളില്‍ മരവിപ്പ് എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ചില സന്ദര്‍ഭങ്ങളില്‍ 'സ്‌കാര്‍ലെറ്റ് പനി' പോലുള്ള അണുബാധകള്‍കൊണ്ട് ഇങ്ങനെ സംഭവിക്കാം.

നാവില്‍ വിള്ളലുകള്‍ അല്ലെങ്കില്‍ മുറിവുകള്‍

ചിലരുടെ നാവില്‍ ആഴത്തിലുള്ള വരകളോ ദ്വാരങ്ങളോ കാണപ്പെടുന്നു. നാക്കിലെ വിള്ളലുകളോ ആഴത്തിലുള്ള ദ്വാരങ്ങളോ സാധാരണയായി ദോഷകരമല്ലെങ്കിലും ഇത് ചില പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ ഈ ദ്വാരങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനും വായ്‌നാറ്റം ഉണ്ടാവുകയയും ചെയ്യാം. നല്ലതുപോലെ വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുന്നത് ആശ്വാസം നല്‍കും. ഇത് നിരുപദ്രവകരമാണെങ്കിലും പെട്ടെന്ന്പ്രത്യക്ഷപ്പെടുന്നതോ വേദനാജനകമോ ആണെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

സുഖപ്പെടാത്ത വൃണങ്ങള്‍

വായിലുണ്ടാകുന്ന വൃണങ്ങള്‍ സാധാരണമാണ്. ഇവ സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ സുഖപ്പെടും.എന്നാല്‍ അതില്‍ കൂടുതല്‍ കാലം വൃണങ്ങള്‍ നീണ്ടുനിന്നാല്‍ ശ്രദ്ധിക്കേണ്ടതാണ്. രണ്ടാഴ്ചയ്ക്കുളളില്‍ സുഖപ്പെടാത്ത ഇത്തരം അള്‍സര്‍ അണുബാധകള്‍ അല്ലെങ്കില്‍ ഓറല്‍ കാന്‍സര്‍ പോലുളള ഗുരുതരമായ പ്രശ്‌നങ്ങള്‍കൊണ്ടുമാകാം. പുകവലിക്കുന്നവരിലോ പതിവായി മദ്യം കഴിക്കുന്നവരിലോ ആണ് അപകട സാധ്യത കൂടുതലുള്ളത്. വായിലെ കാന്‍സര്‍ പലപ്പോഴും ചെറിയ അള്‍സറോ പാടുകളോ ആയിട്ടാണ് തുടങ്ങുന്നത് എന്നതുകൊണ്ട് നേരത്തെയുള്ള കണ്ടെത്തല്‍ നിര്‍ണായകമാണ്.

നാവിലെ വിളര്‍ച്ച

നിറവ്യത്യാസങ്ങള്‍ പലപ്പോഴും രക്തക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അസാധാരണമായ വിളറിയതായി കാണപ്പെടുന്ന നാവ് വിളര്‍ച്ചയുടെ സൂചനയാണ്. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ കുറവുകൊണ്ടാണ് വിളര്‍ച്ച ഉണ്ടാകുന്നത്.നാവിലെ വിളര്‍ച്ചയ്‌ക്കൊപ്പം ക്ഷീണം,തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെടാം.

നാവിലെ മഞ്ഞനിറം

വായില്‍ ബാക്ടീരിയ അടിഞ്ഞുകൂടുമ്പോള്‍ ചിലപ്പോള്‍ നാവില്‍ ഒരു മഞ്ഞ പാട പ്രത്യക്ഷപ്പെടാം. ഇത് നിര്‍ജലീകരണം പുകവലി, അല്ലെങ്കില്‍ ദഹന സംബന്ധമായ തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. അതോടൊപ്പം വായിലെ ശുചിത്വക്കുറവ്, വരള്‍ച്ച, ചില മരുന്നുകള്‍ ഇവയും ഈ മാറ്റത്തിന് കാരണമാകുന്നു. നിറവ്യത്യാസം നീണ്ടുനില്‍ക്കുകയോ മറ്റ് ലക്ഷണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

ആധുനിക വൈദ്യശാസ്ത്രം സ്‌കാനിംഗിനെയും രക്തപരിശോധനയേയും വളരെയധികം ആശ്രയിക്കുന്നു. എങ്കിലും ശാരീരിക പരിശോധന ഇപ്പോഴും പ്രാധാന്യമാണ്. രോഗങ്ങളുടെ മുന്നറിയിപ്പ് സൂചനകള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ലളിതമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് നാവിന്റെ പരിശോധന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347706/has-the-color-of-your-tongue-changed-if-so-be-careful-dont-ignore-the-warnings-your-body-gives-you)