---
title: "കിഴക്കൻ ഏഷ്യയിൽ മിസൈൽ മഴ; പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ"
english_title: "North Korea tests about ten ballistic missiles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347697/north-korea-tests-about-ten-ballistic-missiles"
published_at: "2026-03-14T15:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b531110b021_18.jpg"
keywords: []
---

# കിഴക്കൻ ഏഷ്യയിൽ മിസൈൽ മഴ; പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

> **Lead Summary:** **[** പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ലോകത്തെ വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് ഉത്തര കൊറിയയുടെ വൻ മിസൈൽ പരീക്ഷണം. ശനിയാഴ്ച പത്തോളം ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ വിക്ഷേപിച്ചത്.

## Article Content

**[** പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ലോകത്തെ വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് ഉത്തര കൊറിയയുടെ വൻ മിസൈൽ പരീക്ഷണം. ശനിയാഴ്ച പത്തോളം ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ വിക്ഷേപിച്ചത്.

ഇതിൽ ചിലത് ജപ്പാൻ തീരത്തിന് സമീപം പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയയും ജപ്പാനും വിക്ഷേപണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം പത്തിലധികമാകാൻ സാധ്യതയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.

ദീർഘദൂര ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിക്കപ്പെട്ടതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജപ്പാൻ സമുദ്രാതിർത്തിക്ക് ഏകദേശം 2800 മൈലിലധികം ദൂരത്താണ് മിസൈലുകൾ പതിച്ചത്.

നിലവിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ സാഹചര്യം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനുള്ള മറുപടിയായാണ് ഉത്തര കൊറിയയുടെ ഈ പ്രകോപനമെന്നാണ് സൂചന. തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾക്കെതിരെയുള്ള ശക്തിപ്രകടനമായാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തര കൊറിയ ഇത്തരം വിക്ഷേപണങ്ങളെ കാണുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ ഏഷ്യൻ മേഖലയിലും സൈനിക നീക്കങ്ങൾ സജീവമാകുന്നത് ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347697/north-korea-tests-about-ten-ballistic-missiles)