---
title: "ലോകം യുദ്ധമുനമ്പിൽ; 50,000 സൈനികരെ വിന്യസിച്ച് യുഎസ്, ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കുന്നു"
english_title: "US deploys 50,000 troops,Tightening control"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347696/us-deploys-50000-troopstightening-control"
published_at: "2026-03-14T15:20:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52faf2eb7e_17.jpg"
keywords: []
---

# ലോകം യുദ്ധമുനമ്പിൽ; 50,000 സൈനികരെ വിന്യസിച്ച് യുഎസ്, ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കുന്നു

> **Lead Summary:** **വാഷിങ്ടണ്‍:[ **പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ, മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ, അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപൊളിയെ കൂടി അമേരിക്ക മേഖലയിലേക്ക് നിയോഗിച്ചു.

## Article Content

**വാഷിങ്ടണ്‍:[ **പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ, മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ, അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപൊളിയെ കൂടി അമേരിക്ക മേഖലയിലേക്ക് നിയോഗിച്ചു.

2500-ഓളം സൈനികരെയും വിപുലമായ ആയുധശേഖരത്തെയും വഹിച്ചുകൊണ്ടാണ് ഈ കപ്പലിന്റെ യാത്ര. വ്യോമതാവളങ്ങളുടെ സഹായമില്ലാതെ തന്നെ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ ശേഷിയുള്ള യുഎസ്എസ് ട്രിപൊളിയുടെ വരവ്, അമേരിക്ക ഒരു വലിയ യുദ്ധത്തിന് തയ്യാറെടുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

മിഡിൽ ഈസ്റ്റിലുടനീളം നിലവിൽ അൻപതിനായിരത്തിലധികം യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കങ്ങൾ കൂടുതൽ ഊർജ്ജിതമായത്.

ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയായതിനാൽ ഈ മേഖലയിലെ നീക്കങ്ങൾ അതീവ നിർണ്ണായകമാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം തടയാൻ ഇറാൻ ശ്രമിച്ചാൽ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രതികരണത്തിൽ, ഇറാൻ സൈന്യം ആയുധം താഴെവെച്ച് കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ കപ്പലുകൾക്ക് യുഎസ് നാവികസേന നേരിട്ട് അകമ്പടി സേവിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇറാനെതിരെ കൂടുതൽ സമ്മർദ്ദം ചെലുത്താനാണ് അമേരിക്കൻ നീക്കം. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ സൈനിക വിന്യാസം പശ്ചിമേഷ്യൻ സമാധാനത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347696/us-deploys-50000-troopstightening-control)