---
title: "സ്പോർട്സ്മാൻ സ്പിരിറ്റോ അതോ ഗെയിം അവയർനസോ? സൽമാൻ അഗയുടെ പുറത്താകൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു"
english_title: "Salman Agha's dismissal is a topic of discussion in the cricket world."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347668/salman-aghas-dismissal-is-a-topic-of-discussion-in-the-cricket-world"
published_at: "2026-03-14T14:10:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b51f5972550_12.jpg"
keywords: []
---

# സ്പോർട്സ്മാൻ സ്പിരിറ്റോ അതോ ഗെയിം അവയർനസോ? സൽമാൻ അഗയുടെ പുറത്താകൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു

> **Lead Summary:** **[ **പാകിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിനിടെ സൽമാൻ അലി അഗ പുറത്തായ രീതി ക്രിക്കറ്റ് ലോകത്ത് സ്പോർട്സ്മാൻ സ്പിരിറ്റും ഗെയിം അവയർനസും തമ്മിലുള്ള പുതിയൊരു സംവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

## Article Content

**[ **പാകിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിനിടെ സൽമാൻ അലി അഗ പുറത്തായ രീതി ക്രിക്കറ്റ് ലോകത്ത് സ്പോർട്സ്മാൻ സ്പിരിറ്റും ഗെയിം അവയർനസും തമ്മിലുള്ള പുതിയൊരു സംവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

ബംഗ്ലാദേശ് താരം മെഹിദി ഹസൻ മിറാസിന്റെ ഇടപെടലിലൂടെ സൽമാൻ റണ്ണൗട്ടായതാണ് വിവാദങ്ങൾക്ക് ആധാരം. പാക് ഇന്നിങ്‌സിന്റെ 39-ാം ഓവറിൽ മുഹമ്മദ് റിസ്വാൻ അടിച്ച പന്ത് നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന സൽമാന്റെ അടുത്തേക്കാണ് എത്തിയത്.

മെഹിദി പന്ത് തടയുന്നതിനിടെ ഇരുവരും തമ്മിൽ നേരിയ തോതിൽ കൂട്ടിയിടിക്കുകയും ചെയ്തു. പന്ത് ഡെഡ് ആയെന്ന് കരുതിയ സൽമാൻ, അത് കൈക്കലാക്കി മെഹിദിക്ക് തന്നെ തിരികെ നൽകാൻ ശ്രമിച്ചു.

എന്നാൽ ഈ അവസരം മുതലെടുത്ത മെഹിദി പന്ത് വേഗത്തിൽ വാങ്ങി സ്റ്റമ്പിലേക്ക് എറിഞ്ഞ് റണ്ണൗട്ടിനായി അപ്പീൽ ചെയ്യുകയായിരുന്നു. തേഡ് അമ്പയർ ഔട്ട് അനുവദിച്ചതോടെ ക്ഷുഭിതനായാണ് സൽമാൻ മൈതാനം വിട്ടത്.

നിയമപരമായി മെഹിദി ചെയ്തത് ശരിയാണെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണെന്നാണ് സൽമാന്റെ നിലപാട്. താനായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം മത്സരശേഷം തുറന്നടിച്ചു.

എന്നാൽ സൽമാന്റെ അശ്രദ്ധയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്ന വിമർശനവും ശക്തമാണ്. ക്രീസിലേക്ക് മടങ്ങിയെത്തുന്നതിന് പകരം ഫീൽഡറുടെ അനുവാദമില്ലാതെ പന്തെടുക്കാൻ ശ്രമിച്ചത് സൽമാന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

മെഹിദി റണ്ണൗട്ട് ആക്കിയില്ലായിരുന്നെങ്കിൽപ്പോലും 'ഒബ്‌സ്ട്രക്റ്റിങ് ദ ഫീൽഡ്' (എംസിസി ലോ 37.4) എന്ന നിയമപ്രകാരം സൽമാനെ പുറത്താക്കാൻ ബംഗ്ലാദേശിന് സാധിക്കുമായിരുന്നു. ഫീൽഡർമാരുടെ അനുവാദമില്ലാതെ പന്ത് തൊടുന്നത് നിയമലംഘനമാണെന്നിരിക്കെ, മെഹിദി തന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ വിക്കറ്റ് നേടുകയായിരുന്നു.

അതേസമയം, മെഹിദിയുടെ പ്രവൃത്തിയെ വിമർശിച്ച് മുഹമ്മദ് കൈഫ് ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്തെത്തി. ലോകകിരീടം നേടാനുള്ള അവസരമാണെങ്കിൽ പോലും ഇത്തരം രീതികൾ അവലംബിക്കരുതെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്.

ഒരേസമയം മെഹിദിയുടെ ഗെയിം അവയർനസ് പ്രശംസിക്കപ്പെടുമ്പോഴും സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പേരിൽ വലിയൊരു വിഭാഗം താരത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347668/salman-aghas-dismissal-is-a-topic-of-discussion-in-the-cricket-world)