---
title: "ടോയ്ലെറ്റ് പേപ്പർ പ്രാങ്ക് ദുരന്തമായി; കണക്ക് അധ്യാപകൻ കാറിടിച്ച് മരിച്ചു, പ്രതികൾക്ക്  മാപ്പ് നൽകി കുടുംബം"
english_title: "Math teacher dies in car crash, family forgives accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347662/math-teacher-dies-in-car-crash-family-forgives-accused"
published_at: "2026-03-14T13:59:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b51d5723ca3_Math_teacher_dies_in_car_crash.jpg"
keywords: []
---

# ടോയ്ലെറ്റ് പേപ്പർ പ്രാങ്ക് ദുരന്തമായി; കണക്ക് അധ്യാപകൻ കാറിടിച്ച് മരിച്ചു, പ്രതികൾക്ക്  മാപ്പ് നൽകി കുടുംബം

> **Lead Summary:** ജോർജ്ജിയ: വിദ്യാർത്ഥികൾ ഒപ്പിച്ച തമാശയ്ക്കിടെ കണക്ക് അധ്യാപകനായ ജേസൺ ഹ്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടെന്ന് തീരുമാനം. വീടിന് മുന്നിലെ മരങ്ങളിൽ ടോയ്ലെറ്റ് പേപ്പർ തൂക്കിയിടുന്ന പതിവ് പ്രാങ്ക് ഒപ്പിക്കാനെത്തിയതായിരുന്നു ശിഷ്യർ. ഇവരെ പിടികൂടാനായി ജേസൺ ഹ്യൂസ് പുറത്തിറങ്ങിയതോടെ ഭയന്ന വിദ്യാർത്ഥികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

## Article Content

ജോർജ്ജിയ: വിദ്യാർത്ഥികൾ ഒപ്പിച്ച തമാശയ്ക്കിടെ കണക്ക് അധ്യാപകനായ ജേസൺ ഹ്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടെന്ന് തീരുമാനം. വീടിന് മുന്നിലെ മരങ്ങളിൽ ടോയ്ലെറ്റ് പേപ്പർ തൂക്കിയിടുന്ന പതിവ് പ്രാങ്ക് ഒപ്പിക്കാനെത്തിയതായിരുന്നു ശിഷ്യർ. ഇവരെ പിടികൂടാനായി ജേസൺ ഹ്യൂസ് പുറത്തിറങ്ങിയതോടെ ഭയന്ന വിദ്യാർത്ഥികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ അബദ്ധത്തിൽ തെന്നിവീണ അധ്യാപകന്റെ ശരീരത്തിലൂടെ വിദ്യാർത്ഥികളിലൊരാൾ ഓടിച്ച കാർ കയറിയിറങ്ങുകയായിരുന്നു. 40-കാരനായ ജേസൺ ഹ്യൂസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനം ഓടിച്ച വിദ്യാർത്ഥിക്കെതിരെ കൊലപാതക കുറ്റവും അതിക്രമിച്ചു കടന്നതിനും പ്രാഥമികമായി കേസെടുത്തിരുന്നുവെങ്കിലും, മരിച്ച ജേസൺ ഹ്യൂസിന്റെ കുടുംബത്തിന്റെ താല്പര്യപ്രകാരം നിയമനടപടികൾ ഒഴിവാക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് ആ വിദ്യാർത്ഥികൾ ഇപ്പോഴും.

വിദ്യാർത്ഥികളുടെ ജീവിതം തകരുന്ന മറ്റൊരു ദുരന്തം കൂടി ഒഴിവാക്കണമെന്ന് അധ്യാപകന്റെ കുടുംബത്തിന്റെ അപേക്ഷ കൂടി കണക്കിലെടുത്താണ് പ്രതികൾക്കെതിരെ നിയമനടപടി ഒഴിവാക്കിയത്. കുടുംബത്തിന്റെ കരുണയ്ക്കും ക്ഷമയ്ക്കും വിദ്യാർത്ഥിയുടെ അഭിഭാഷകൻ നന്ദി പറഞ്ഞു. ജേസൺ ഹ്യൂസ് അഭിമാനിക്കുന്ന തരത്തിലുള്ള ഒരു ജീവിതം നയിക്കാൻ തന്റെ കക്ഷി പ്രതിജ്ഞാബദ്ധനാണെന്നും അഭിഭാഷകൻ ഉറപ്പ് നൽകി.

തന്നോട് തമാശ കാണിക്കാൻ വിദ്യാർത്ഥികൾ എത്തുമെന്ന് ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ഹ്യൂസ് നേരത്തെ അറിഞ്ഞിരുന്നു. അവർ മരങ്ങൾക്ക് മുകളിലൂടെ ടോയ്‌ലറ്റ് പേപ്പർ എറിയുമ്പോൾ അവരെ പിടികൂടി അമ്പരപ്പിക്കാനായി അദ്ദേഹം വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

എന്നാൽ മഴ പെയ്ത് നനഞ്ഞു കിടന്ന തറയിൽ ഹ്യൂസ് തെന്നിവീണു. വിദ്യാർത്ഥികൾ രണ്ട് കാറുകളിലായി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, ഒരു കാർ അബദ്ധത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ഹ്യൂസിനെ ഇടിച്ച പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്ന 18 കാരനായ ജെയ്‌ഡൻ റയാൻ വാലസും മറ്റ് രണ്ട് പേരും ഉടൻ തന്നെ വണ്ടി നിർത്തി അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചു. പിന്നീട് ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഹ്യൂസിനെതിരെയുള്ള കുറ്റപത്രങ്ങൾ ഒഴിവാക്കിയതായി ഹാൾ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ലീ ഡാരാഗ് സ്ഥിരീകരിച്ചു.

അധ്യാപികയും ജേസൺ ഹ്യൂസിന്റെ ഭാര്യയുമായ ലോറ ഹ്യൂസ്, വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കുന്നതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ തന്റെ ഭർത്താവ് വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്നും, ആ തമാശയെക്കുറിച്ച് അദ്ദേഹം ആവേശഭരിതനായിരുന്നുവെന്നും അവർ പ്രതികരിച്ചത്.

സംഭവിച്ചത് വലിയ ദുരന്തമാണ്. രണ്ട് കുട്ടികളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് മറ്റൊരു ദുരന്തം കൂടി ഉണ്ടാകുന്നത് തടയാൻ ഞങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നു. കുട്ടികളുടെ ജീവിതത്തിനായി സ്വയം സമർപ്പിച്ച ജേസന്റെ തത്വങ്ങൾക്ക് വിരുദ്ധമായിരിക്കും അങ്ങനെയൊന്ന് ചെയ്യുന്നതെന്നാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347662/math-teacher-dies-in-car-crash-family-forgives-accused)