---
title: "'ശബരിമല യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്, വിശ്വാസികളുടെ താൽപര്യങ്ങൾ സർക്കാർ സംരക്ഷിക്കും' - വി എൻ വാസവൻ"
english_title: "Sabarimala women's entry: Minister VNVasavan says interests of devotees will be protected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347612/sabarimala-womens-entry-minister-vnvasavan-says-interests-of-devotees-will-be-protected-new-"
published_at: "2026-03-14T11:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4f54981769_vn.jpg"
keywords: []
---

# 'ശബരിമല യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്, വിശ്വാസികളുടെ താൽപര്യങ്ങൾ സർക്കാർ സംരക്ഷിക്കും' - വി എൻ വാസവൻ

> **Lead Summary:** **കോട്ടയം: ** ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ സർക്കാർ മുന്നോട്ടുപോവുകയുള്ളൂവെന്ന് മന്ത്രി വി.എൻ. വാസവൻ.

## Article Content

**കോട്ടയം: ** ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ സർക്കാർ മുന്നോട്ടുപോവുകയുള്ളൂവെന്ന് മന്ത്രി വി.എൻ. വാസവൻ.

യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും.

യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ നീക്കം. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് മലക്കം മറിച്ചിൽ.

12 വര്‍ഷം നീണ്ട നിയമനടപടികളിലൂടെയാണു 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞത്. ശബരിമലയില്‍ യുവതികളുടെ ദര്‍ശനം നിരോധിച്ചത് അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍' അംഗങ്ങളായ വനിതാ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയയ്ക്കാന്‍ 2006 ഓഗസ്റ്റില്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണു കേസിന്റെ തുടക്കം.

അയ്യപ്പ ഭക്തര്‍ ഒരു പ്രത്യേക മതവിഭാഗമായതിനാല്‍ ദര്‍ശനം നിയന്ത്രിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു 2007ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം. എന്നാല്‍ സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ ദര്‍ശനം അനുവദിക്കണമെന്നു വിഎസ് സര്‍ക്കാര്‍ 2008 ഫെബ്രുവരിയിലെ സത്യവാങ്മൂലത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347612/sabarimala-womens-entry-minister-vnvasavan-says-interests-of-devotees-will-be-protected-new-)