---
title: "രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു; രാജ്യത്ത് പാചകവാതക വിതരണം പ്രതിസന്ധിയിൽ"
english_title: "Two LPG tankers pass through the Strait of Hormuz; LPG supply in the country in crisis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347566/two-lpg-tankers-pass-through-the-strait-of-hormuz-lpg-supply-in-the-country-in-crisis"
published_at: "2026-03-14T07:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4c6db3979e_25.jpg"
keywords: []
---

# രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു; രാജ്യത്ത് പാചകവാതക വിതരണം പ്രതിസന്ധിയിൽ

> **Lead Summary:** **രാ**ജ്യത്ത് പാചകവാതക ക്ഷാമം അതിരൂക്ഷമായി തുടരുന്നതിനിടെ, ആശ്വാസ വാർത്തയായി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടങ്ങളിലേക്കുള്ള പാചകവാതക വിതരണം പോലും തടസ്സപ്പെട്ടു തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ കപ്പലുകൾ എത്തുന്നത്.

## Article Content

**രാ**ജ്യത്ത് പാചകവാതക ക്ഷാമം അതിരൂക്ഷമായി തുടരുന്നതിനിടെ, ആശ്വാസ വാർത്തയായി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടങ്ങളിലേക്കുള്ള പാചകവാതക വിതരണം പോലും തടസ്സപ്പെട്ടു തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ കപ്പലുകൾ എത്തുന്നത്.

അതേസമയം, വിതരണ കേന്ദ്രങ്ങളിൽ ജനത്തിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് ഡൽഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബിൽ പാചകവാതകത്തിനായി വരിനിന്ന ഒരാൾ കുഴഞ്ഞുവീണു മരിച്ച സംഭവം സ്ഥിതിഗതികളുടെ തീവ്രത വ്യക്തമാക്കുന്നു.

ക്ഷാമം മുതലെടുത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ കരിഞ്ചന്ത വിൽപന സജീവമായിരിക്കുകയാണ്. ഒരു സിലിണ്ടറിന് 6000 രൂപയ്ക്ക് മുകളിലാണ് പലയിടത്തും ഈടാക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെയും ഇത് സാരമായി ബാധിച്ചു.

വിവിധയിടങ്ങളിൽ അനധികൃതമായി പൂഴ്ത്തിവെച്ച സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് കടന്നുവന്ന കപ്പലുകൾ വിതരണ ശൃംഖലയെ ഉടൻ സജീവമാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

എൽപിജി പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോഴും ആവർത്തിക്കുന്നത്. സാധാരണയായി പ്രതിദിനം 55.70 ലക്ഷം സിലിണ്ടറുകൾ ബുക്ക് ചെയ്തിരുന്ന സ്ഥാനത്ത് നിലവിൽ അത് 76 ലക്ഷമായി ഉയർന്നിട്ടുണ്ട്.

ജനങ്ങൾക്കിടയിലെ പരിഭ്രാന്തിയാണ് ഈ വർദ്ധനവിന് കാരണമെന്നും ദിവസം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നുമാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347566/two-lpg-tankers-pass-through-the-strait-of-hormuz-lpg-supply-in-the-country-in-crisis)