---
title: "കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു"
english_title: "NSS Taluk Union, headed by K.B. Ganesh Kumar, dissolved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347564/nss-taluk-union-headed-by-kb-ganesh-kumar-dissolved"
published_at: "2026-03-14T07:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4c0dd19a53_5.jpg"
keywords: []
---

# കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

> **Lead Summary:** **കൊല്ലം: **കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചതിനെ തുടർന്ന് കോറം നഷ്ടപ്പെട്ടതോടെയാണ് രജിസ്ട്രാർ നടപടി സ്വീകരിച്ചത്. പത്തൊമ്പത് അംഗങ്ങളുള്ള സമിതിയിൽ പത്ത് പേരാണ് സ്ഥാനം ഒഴിഞ്ഞത്. യൂണിയന്റെ ചുമതല തങ്കപ്പൻ പിള്ള ചെയർമാനായുള്ള പുതിയ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറി.

## Article Content

**കൊല്ലം: **കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചതിനെ തുടർന്ന് കോറം നഷ്ടപ്പെട്ടതോടെയാണ് രജിസ്ട്രാർ നടപടി സ്വീകരിച്ചത്. പത്തൊമ്പത് അംഗങ്ങളുള്ള സമിതിയിൽ പത്ത് പേരാണ് സ്ഥാനം ഒഴിഞ്ഞത്. യൂണിയന്റെ ചുമതല തങ്കപ്പൻ പിള്ള ചെയർമാനായുള്ള പുതിയ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറി.

ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ രാജിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. പത്മ കഫേ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം ഗണേഷ് കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

അംഗങ്ങളുടെ വിയോജിപ്പുകളും ഭരണസമിതിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് ഒടുവിൽ കമ്മിറ്റിയുടെ തകർച്ചയിൽ കലാശിച്ചത്. എന്നാൽ യൂണിയനുള്ളിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നായിരുന്നു ഗണേഷ് കുമാർ മുൻപ് പ്രതികരിച്ചിരുന്നത്.

ഭരണസമിതി പിരിച്ചുവിട്ടെങ്കിലും താലൂക്ക് യൂണിയൻ ജനറൽ ബോഡിയിൽ ഗണേഷ് കുമാർ തുടരും. നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി നിയോഗിക്കപ്പെട്ട പുതിയ സമിതി ഇന്ന് വൈകുന്നേരത്തോടെ ചുമതലയേറ്റു. വരും ദിവസങ്ങളിൽ എൻ.എസ്.എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ-സാമൂഹിക മേഖലകൾ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347564/nss-taluk-union-headed-by-kb-ganesh-kumar-dissolved)