---
title: "'മുജ്തബ ഖമനേയി ജീവനോടെയുണ്ടായേക്കാം, എന്നാൽ നില മോശം'; ഡൊണാൾഡ് ട്രംപ്"
english_title: "'Mujtaba Khamenei may be alive, but in bad condition': Donald Trump"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347560/mujtaba-khamenei-may-be-alive-but-in-bad-condition-donald-trump"
published_at: "2026-03-14T07:12:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4bd5e2ef63_4.jpg"
keywords: []
---

# 'മുജ്തബ ഖമനേയി ജീവനോടെയുണ്ടായേക്കാം, എന്നാൽ നില മോശം'; ഡൊണാൾഡ് ട്രംപ്

> **Lead Summary:** **ഇ**റാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയിക്ക് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ സാരമായി പരുക്കേറ്റതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അതേ സൈനിക നടപടിയിൽ മുജ്തബയ്ക്കും മാരകമായ പരുക്കുകൾ സംഭവിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്.

## Article Content

**ഇ**റാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയിക്ക് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ സാരമായി പരുക്കേറ്റതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അതേ സൈനിക നടപടിയിൽ മുജ്തബയ്ക്കും മാരകമായ പരുക്കുകൾ സംഭവിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്.

ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ, മുജ്തബ നിലവിൽ ജീവനോടെ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ട്രംപ് സൂചിപ്പിച്ചു.

ആക്രമണത്തിൽ മുജ്തബയുടെ കാലുകൾക്ക് ക്ഷതമേറ്റതായും കരളിനും വയറിനും മാരകമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം നിലവിൽ കോമയിലാണെന്നും ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിൽ അതീവ സുരക്ഷയിൽ ചികിത്സയിൽ കഴിയുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പിതാവിന്റെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവായതിനാൽ മുജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്തകൾ വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

അതേസമയം, മുജ്തബ ഖമനേയിക്ക് പരിക്കേറ്റ വിവരം ഇറാൻ ഔദ്യോഗികമായി സമ്മതിച്ചെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്നാണ് അധികൃതരുടെ വിശദീകരണം. അദ്ദേഹം നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും സംസാരിക്കാൻ പ്രയാസമുള്ളതിനാലാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതെന്നും സൈപ്രസിലെ ഇറാൻ അംബാസഡർ വ്യക്തമാക്കി.എന്നാൽ ഇറാന്റെ അവകാശവാദങ്ങൾ തള്ളുന്ന തരത്തിലാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347560/mujtaba-khamenei-may-be-alive-but-in-bad-condition-donald-trump)