---
title: "ബംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ"
english_title: "LPG crisis in Bengaluru worsens; Hotels under threat of closure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347559/lpg-crisis-in-bengaluru-worsens-hotels-under-threat-of-closure"
published_at: "2026-03-14T06:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4b956474f9_3.jpg"
keywords: []
---

# ബംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

> **Lead Summary:** **ബംഗളൂരു: **കടുത്ത പാചകവാതക ക്ഷാമം നേരിടുന്ന ബംഗളൂരു നഗരത്തിലെ ഹോട്ടൽ വ്യവസായം വലിയ പ്രതിസന്ധിയിലേക്ക്. നഗരത്തിലുടനീളമുള്ള ഭൂരിഭാഗം ഹോട്ടലുകളും ഇതിനകം പ്രവർത്തനം നിർത്തിയതായും ചെറുകിട ഹോട്ടലുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചതെന്നും കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു.

## Article Content

**ബംഗളൂരു: **കടുത്ത പാചകവാതക ക്ഷാമം നേരിടുന്ന ബംഗളൂരു നഗരത്തിലെ ഹോട്ടൽ വ്യവസായം വലിയ പ്രതിസന്ധിയിലേക്ക്. നഗരത്തിലുടനീളമുള്ള ഭൂരിഭാഗം ഹോട്ടലുകളും ഇതിനകം പ്രവർത്തനം നിർത്തിയതായും ചെറുകിട ഹോട്ടലുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചതെന്നും കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു.

കൃത്യസമയത്ത് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കാത്തതും വിതരണക്കാർ വൻകിട ഓർഡറുകൾക്ക് മുൻഗണന നൽകുന്നതുമാണ് ചെറുകിട സംരംഭകരെ വലയ്ക്കുന്നത്. പ്രതിദിനം 10,000 മുതൽ 50,000 രൂപ വരെയാണ് റസ്റ്റാറന്റ് ഉടമകൾക്കുണ്ടാകുന്ന നഷ്ടം. മെജസ്റ്റിക്, മടിവാള തുടങ്ങിയ മേഖലകളിൽ പല ഹോട്ടലുകളും പൂട്ടി. ചില ഭക്ഷണശാലകൾ ചായയും കാപ്പിയും മാത്രമായി വിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

നിലവിലെ സാഹചര്യം നേരിടാൻ എയർ ഫ്രയറുകൾ പോലുള്ള നൂതന മാർഗങ്ങൾ ഹോട്ടലുടമകൾ പരീക്ഷിക്കുന്നുണ്ടെങ്കിലും നഗരത്തിലെ നൂറോളം റസ്റ്റാറന്റുകളിൽ സ്റ്റോക്ക് പൂർണ്ണമായും തീർന്നതായാണ് റിപ്പോർട്ട്. സിലിണ്ടർ ക്ഷാമം ഓൺലൈൻ ഭക്ഷണ വിതരണത്തെയും ബാധിച്ചിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ഓർഡറുകൾ സ്വീകരിക്കുന്നത് പല ഹോട്ടലുകളും നിർത്തിവെച്ചു.

പാചകവാതക ലഭ്യത കുറഞ്ഞതോടെ വിഭവങ്ങളുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇൻഡക്ഷൻ സ്റ്റൗകൾക്ക് ആവശ്യക്കാർ ഏറിയതോടെ ഓൺലൈൻ വിപണിയിൽ അവയുടെ ലഭ്യതയും കുറഞ്ഞു.

മലയാളി ഹോട്ടൽ ഉടമകളും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നഗരത്തിലെ തിരക്ക് വർധിക്കുന്നുണ്ടെങ്കിലും സിലിണ്ടറുകളുടെ അഭാവം മൂലം ഭക്ഷണ വിതരണം പലയിടത്തും പരിമിതപ്പെടുത്തി. ചില ഹോട്ടലുകൾ വിറകടുപ്പുകളെ ആശ്രയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നഗരമധ്യത്തിൽ ഇത് പ്രായോഗികമല്ല.

ഒരു ലക്ഷം രൂപയോളം വില വരുന്ന കറന്റ് അടുപ്പുകൾ വാങ്ങുന്നത് ചെറുകിട വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നുണ്ട്. ഹോട്ടലുകൾക്ക് ആവശ്യമായ സിലിണ്ടറുകൾ ഉടൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഹോട്ടൽസ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347559/lpg-crisis-in-bengaluru-worsens-hotels-under-threat-of-closure)