---
title: "2030-ഓടെ ഡൽഹിയിലെ 30% സ്കൂൾ ബസുകളും ഇലക്ട്രിക് ആകും; പുതിയ ഇവി നയം ബജറ്റിൽ"
english_title: "30% of school buses in Delhi to be electric by 2030; New EV policy in Budget"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347540/30-of-school-buses-in-delhi-to-be-electric-by-2030-new-ev-policy-in-budget"
published_at: "2026-03-13T21:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4364813f8f_17.jpg"
keywords: []
---

# 2030-ഓടെ ഡൽഹിയിലെ 30% സ്കൂൾ ബസുകളും ഇലക്ട്രിക് ആകും; പുതിയ ഇവി നയം ബജറ്റിൽ

> **Lead Summary:** തലസ്ഥാന നഗരത്തിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസുകൾ ഘട്ടംഘട്ടമായി വൈദ്യുതീകരിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. പുതിയ ഇലക്ട്രിക് വാഹന നയം അനുസരിച്ച് 2030 മാർച്ച് 31-നകം നഗരത്തിലെ സ്കൂൾ ബസുകളുടെ 30 ശതമാനവും ഇലക്ട്രിക് ആക്കി മാറ്റണമെന്നാണ് നിർദ്ദേശം.

## Article Content

തലസ്ഥാന നഗരത്തിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസുകൾ ഘട്ടംഘട്ടമായി വൈദ്യുതീകരിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. പുതിയ ഇലക്ട്രിക് വാഹന നയം അനുസരിച്ച് 2030 മാർച്ച് 31-നകം നഗരത്തിലെ സ്കൂൾ ബസുകളുടെ 30 ശതമാനവും ഇലക്ട്രിക് ആക്കി മാറ്റണമെന്നാണ് നിർദ്ദേശം.

നയം നടപ്പിലാക്കി ആദ്യ രണ്ട് വർഷത്തിനുള്ളിൽ പത്ത് ശതമാനവും മൂന്നാം വർഷത്തോടെ ഇരുപത് ശതമാനവും ബസുകൾ ഇലക്ട്രിക് ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. സ്കൂളുകളുടെ സ്വന്തം ബസുകൾക്കും കരാർ അടിസ്ഥാനത്തിൽ ഓടുന്നവയ്ക്കും ഒരുപോലെ ബാധകമായ ഈ പദ്ധതിയുടെ മേൽനോട്ടം വിദ്യാഭ്യാസ വകുപ്പ് വഹിക്കും.

സ്കൂൾ ബസുകൾക്ക് പുറമെ സർക്കാർ വാഹനങ്ങളും പൂർണ്ണമായി ഇലക്ട്രിക് ആക്കുന്നതിനൊപ്പം പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. 2027 ജനുവരി മുതൽ പുതിയ ത്രീ-വീലറുകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്ര വാഹനങ്ങൾക്കും ഇലക്ട്രിക് മോഡലുകൾക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ.

ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 2030 വരെ റോഡ് ടാക്സിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് നൽകും. കൂടാതെ, ഉപയോഗശൂന്യമായ ബാറ്ററികൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനായി പ്രത്യേക കളക്ഷൻ സെന്ററുകൾ സ്ഥാപിക്കാനും നയരേഖയിൽ ശുപാർശയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347540/30-of-school-buses-in-delhi-to-be-electric-by-2030-new-ev-policy-in-budget)