---
title: "'ജി സുധാകരന്‍ പാര്‍ടി വിട്ടു, എന്ത് വേണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം' -എം വി ഗോവിന്ദൻ"
english_title: "G Sudhakaran has left the partyhe can decide what he wants M V Govindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347498/g-sudhakaran-has-left-the-partyhe-can-decide-what-he-wants-m-v-govindan"
published_at: "2026-03-13T16:30:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3ee8a0e1e4_mv_govindan.jpg"
keywords: []
---

# 'ജി സുധാകരന്‍ പാര്‍ടി വിട്ടു, എന്ത് വേണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം' -എം വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** **ജി സുധാകരൻ നേരത്തെ തന്നെ പാർടി മെമ്പർഷിപ്പ്‌ പുതുക്കുന്നില്ലയെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും, അദ്ദേഹത്തിന് എന്ത് വേണമെന്ന് ജനാധിപത്യപരമായി തീരുമാനിക്കാമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** **ജി സുധാകരൻ നേരത്തെ തന്നെ പാർടി മെമ്പർഷിപ്പ്‌ പുതുക്കുന്നില്ലയെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും, അദ്ദേഹത്തിന് എന്ത് വേണമെന്ന് ജനാധിപത്യപരമായി തീരുമാനിക്കാമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

അങ്ങനെ പാർടി ബന്ധം പരസ്യമായി ഉപേക്ഷിച്ച ശേഷമാണ്‌ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്‌. അമ്പലപ്പുഴ മണ്ഡലം നിലവിൽ പാർടി സ്ഥാനാർത്ഥി വിജയിച്ചിട്ടുള്ള മണ്ഡലമാണ്‌. ആ വിജയം ഇത്തവണയും ആവർത്തിക്കും. ‌അതിനാവശ്യമായ പ്രവർത്തനങ്ങൾ ജില്ലാ കമ്മിറ്റി നടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിന്റെ സ്ഥാനാർത്ഥികളെ സംബന്ധിച്ച്‌ ചർച്ചകൾ പൂർത്തിയായി വരികയാണെന്നും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം നടന്ന ഉടനെ തന്നെ പേരുകൾ പ്രഖ്യാപിക്കുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുള്ള സംഘടനാ തയ്യാറെടുപ്പുകൾ നല്ലരീതിയിൽ നടന്നുവരികയാണ്. ബൂത്ത്‌ തലം വരെ പാർടി തെരഞ്ഞെടുപ്പ്‌ കമ്മിറ്റികൾ സജീവമായിക്കഴിഞ്ഞു.

താഴെത്തലത്തിലുള്ള പരിശോധന കൂടി പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫിന്‌ ലഭിക്കും. വമ്പിച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം ശബരിമല യുവതി പ്രവേശനത്തിൽ സിപിഐഎമ്മിൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പണ്ഡിതരുമായി വിഷയം ചർച്ച ചെയ്യണം. നിയമപരമായ കാര്യങ്ങളും പൊതു പരിതസ്ഥിതിയും നോക്കി സർക്കാർ നിലപാട് എടുക്കും. യുവതി പ്രവേശനം മാത്രമല്ല കോടതി ഇത്തവണ പരിഗണിക്കുന്നത് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ നോക്കും. പരിശോധിച്ച് ആവശ്യമായ നിലയിൽ സംസ്ഥാന സർക്കാർ മറുപടി നൽകണം. ഇതാണ് സെക്രട്ടേറിയറ്റിൽ തീരുമാനിച്ചതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും ഇന്നത്തെ പരിതസ്ഥിതിയിൽ നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347498/g-sudhakaran-has-left-the-partyhe-can-decide-what-he-wants-m-v-govindan)