---
title: "'എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ല'; കെ സുധാകരൻ പാർട്ടിക്ക് അനുകൂല തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി"
english_title: "hibi eden mp says k sudhakaran will take decision favourable to party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347474/hibi-eden-mp-says-k-sudhakaran-will-take-decision-favourable-to-party"
published_at: "2026-03-13T14:51:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3d7725e555_hibi_eden.jpg"
keywords: []
---

# 'എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ല'; കെ സുധാകരൻ പാർട്ടിക്ക് അനുകൂല തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനായി കെ. സുധാകരൻ എംപി നടത്തുന്ന നീക്കങ്ങളെ തള്ളി ഹൈബി ഈഡൻ എംപി. കേരളത്തിൽ നിലവിൽ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ലെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനായി കെ. സുധാകരൻ എംപി നടത്തുന്ന നീക്കങ്ങളെ തള്ളി ഹൈബി ഈഡൻ എംപി. കേരളത്തിൽ നിലവിൽ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ലെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

പാർട്ടിക്ക് ഗുണകരമായ തീരുമാനമാകും ഹൈക്കമാൻഡ് കൈക്കൊള്ളുകയെന്നും കെ സുധാകരൻ അത് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും അടക്കമുള്ള മുതിർന്ന നേതാക്കൾ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹൈബിയുടെ ഈ പരസ്യ പ്രതികരണം.

കണ്ണൂർ തന്റെ ഹൃദയരക്തമാണെന്ന് സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരിക കുറിപ്പിനെയും ഹൈബി ഈഡൻ പരാമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റുകൾ എപ്പോൾ വേണമെങ്കിലും മാറ്റിയിടാവുന്നതാണെന്നും നിലവിലെ സുധാകരന്റെ നിലപാടുകൾ അണികൾ ആഗ്രഹിക്കുന്നതല്ലെന്നുമാണ് ഹൈബി പറയുന്നത്.

കണ്ണൂർ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ചർച്ചകൾ പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങിയ സുധാകരൻ കോൺ​ഗ്രസിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സുധാകരന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്.

അതേസമയം, കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാൻ്റ്. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചയ്ക്കായി കെ സുധാകരനെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച കെ സുധാകരൻ ദില്ലിയിലേക്ക് പോകും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347474/hibi-eden-mp-says-k-sudhakaran-will-take-decision-favourable-to-party)