---
title: "എണ്ണവില വർദ്ധനവ് അമേരിക്കയ്ക്ക് നേട്ടം; ഇറാന്റെ ആണവമോഹം തടയുന്നതിനാണ് മുൻഗണനയെന്ന് ട്രംപ്"
english_title: "US benefits from rising oil prices; Trump says priority is to stop Iran's nuclear ambitions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347470/US-benefits-from-rising-oil-prices-Trump-says-priority-is-to-stop-Iran's-nuclear-ambitions"
published_at: "2026-03-13T14:40:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3d7458d740_4.jpg"
keywords: []
---

# എണ്ണവില വർദ്ധനവ് അമേരിക്കയ്ക്ക് നേട്ടം; ഇറാന്റെ ആണവമോഹം തടയുന്നതിനാണ് മുൻഗണനയെന്ന് ട്രംപ്

> **Lead Summary:** ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള എണ്ണവിപണിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ലഘൂകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യം അമേരിക്കയായതിനാൽ എണ്ണവില വർദ്ധിക്കുന്നത് രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

## Article Content

ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള എണ്ണവിപണിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ലഘൂകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യം അമേരിക്കയായതിനാൽ എണ്ണവില വർദ്ധിക്കുന്നത് രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

> എന്നാൽ സാമ്പത്തിക ലാഭത്തേക്കാൾ, "ദുഷ്ട സാമ്രാജ്യമായ" ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധനനീക്കം തടസ്സപ്പെടുത്തിയാൽ ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമെന്നും വൈദ്യുതി നിലയങ്ങൾ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, ട്രംപിന്റെ ഭീഷണിക്ക് കടുത്ത മറുപടിയുമായി ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. ഇറാന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ യുഎസ് ശ്രമിച്ചാൽ, മിനിറ്റുകൾക്കുള്ളിൽ മേഖലയാകെ ഇരുട്ടിലാക്കുമെന്നും ഇത് സുരക്ഷയ്ക്കായി ഓടുന്ന യുഎസ് സൈനികരെ വേട്ടയാടാൻ തങ്ങൾക്ക് അവസരമൊരുക്കുമെന്നും ലാരിജാനി തിരിച്ചടിച്ചു.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ ദൗർലഭ്യത്തിലേക്കാണ് ലോകത്തെ നയിക്കുന്നത്. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് വികസ്വര രാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സാഹചര്യം നേരിടാൻ തങ്ങളുടെ പക്കലുള്ള 40 കോടി ബാരൽ എണ്ണ ശേഖരം വിപണിയിലെത്തിക്കാൻ അന്താരാഷ്ട്ര ഊർജ്ജ ഏജൻസി തീരുമാനിച്ചു. കയറ്റുമതി തടസ്സപ്പെട്ടതോടെ സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347470/US-benefits-from-rising-oil-prices-Trump-says-priority-is-to-stop-Iran's-nuclear-ambitions)