---
title: "യുവതി പ്രവേശനത്തിൽ സർക്കാരിന്റെ മലക്കംമറിച്ചിൽ;  'ആചാരം സംരക്ഷിക്കണം', സുപ്രീംകോടതിയിൽ മുൻനിലപാട് തിരുത്തും"
english_title: "Government makes U-turn on Sabarimala women's entry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347461/government-makes-u-turn-on-sabarimala-womens-entry-new-"
published_at: "2026-03-13T14:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3cd93ef671_cm.jpg"
keywords: []
---

# യുവതി പ്രവേശനത്തിൽ സർക്കാരിന്റെ മലക്കംമറിച്ചിൽ;  'ആചാരം സംരക്ഷിക്കണം', സുപ്രീംകോടതിയിൽ മുൻനിലപാട് തിരുത്തും

> **Lead Summary:** **തിരുവനന്തപുരം: **ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ചിരുന്ന മുൻനിലപാട് സംസ്ഥാന സർക്കാർ തിരുത്തുന്നു. യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന സർക്കാർ, ഇനി ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന വാദമാകും കോടതിയിൽ ഉയർത്തുക.

## Article Content

**തിരുവനന്തപുരം: **ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ചിരുന്ന മുൻനിലപാട് സംസ്ഥാന സർക്കാർ തിരുത്തുന്നു. യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന സർക്കാർ, ഇനി ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന വാദമാകും കോടതിയിൽ ഉയർത്തുക.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് സര്‍ക്കാരിന്‍റെ മലക്കം മറിച്ചിൽ. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്. കോടതിയെ നാളെ നിലപാട് അറിയിക്കും.

ശബരിമല സ്ത്രീ പ്രവേശന വിഷയം വലിയ തോതില്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുമെന്ന് ആശങ്കയും ഭരണമുന്നണിക്കുണ്ട്. ഈ സാഹചര്യത്തിലാണ് യുവതീ പ്രവേശത്തിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്ന സര്‍ക്കാര്‍ ആചാരസംരക്ഷണം എന്ന ആവശ്യത്തിലേക്കു മാറുന്നത്. അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ തീരുമാനിച്ചിരുന്നു.

12 വര്‍ഷം നീണ്ട നിയമനടപടികളിലൂടെയാണു 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞത്. ശബരിമലയില്‍ യുവതികളുടെ ദര്‍ശനം നിരോധിച്ചത് അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍' അംഗങ്ങളായ വനിതാ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയയ്ക്കാന്‍ 2006 ഓഗസ്റ്റില്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണു കേസിന്റെ തുടക്കം.

അയ്യപ്പ ഭക്തര്‍ ഒരു പ്രത്യേക മതവിഭാഗമായതിനാല്‍ ദര്‍ശനം നിയന്ത്രിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു 2007ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം. എന്നാല്‍ സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ ദര്‍ശനം അനുവദിക്കണമെന്നു വിഎസ് സര്‍ക്കാര്‍ 2008 ഫെബ്രുവരിയിലെ സത്യവാങ്മൂലത്തില്‍ നിലപാട് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347461/government-makes-u-turn-on-sabarimala-womens-entry-new-)