---
title: "സഞ്ജുവിനും ബുംറയ്ക്കും 9.5; 'പെർഫെക്ട് 10' നേടി വിൽ ജാക്സ്! ലോകകപ്പിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് റിക്കി പോണ്ടിംഗ്"
english_title: "Ricky Ponting names the best players of the World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347446/ricky-ponting-names-the-best-players-of-the-world-cup"
published_at: "2026-03-13T13:25:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3c4461f7a8_13.jpg"
keywords: []
---

# സഞ്ജുവിനും ബുംറയ്ക്കും 9.5; 'പെർഫെക്ട് 10' നേടി വിൽ ജാക്സ്! ലോകകപ്പിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് റിക്കി പോണ്ടിംഗ്

> **Lead Summary:** **അഹമ്മദാബാദ്: [ **ടി20 ലോകകപ്പിലെ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് തിരഞ്ഞെടുത്ത മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിൽ ഇംഗ്ലീഷ് താരം വിൽ ജാക്സിന് പത്തിൽ പത്ത് മാർക്ക്.

## Article Content

**അഹമ്മദാബാദ്: [ **ടി20 ലോകകപ്പിലെ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് തിരഞ്ഞെടുത്ത മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിൽ ഇംഗ്ലീഷ് താരം വിൽ ജാക്സിന് പത്തിൽ പത്ത് മാർക്ക്.

ടൂർണമെന്റിലെ എട്ട് മത്സരങ്ങളിൽ നാലിലും 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം നേടിയ വിൽ ജാക്സിന്റെ ഫിനിഷിംഗ് മികവിനെയാണ് പോണ്ടിംഗ് ഏറ്റവുമധികം പ്രശംസിച്ചത്. അതേസമയം, ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ നിരയിലെ കരുത്തരായ സഞ്ജു സാംസണും ജസ്പ്രീത് ബുംറയ്ക്കും നേരിയ വ്യത്യാസത്തിൽ പൂർണ്ണ മാർക്ക് നഷ്ടമായെങ്കിലും 9.5 മാർക്ക് നൽകി പോണ്ടിംഗ് ഇരുവരെയും ആദരിച്ചു.

ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ ഒരാളായ സഞ്ജു സാംസൺ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം കൂടി നേടിയതോടെ ഇന്ത്യൻ വിജയത്തിന്റെ നെടുംതൂണായി മാറിയിരുന്നു. സഞ്ജുവിന്റെയും വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ബുംറയുടെയും പ്രകടനങ്ങൾ ഏകദേശം പൂർണ്ണതയോട് അടുത്ത് നിൽക്കുന്നതാണെന്ന് ഐസിസിയുടെ അവലോകനത്തിൽ പോണ്ടിംഗ് അഭിപ്രായപ്പെട്ടു.

ന്യൂസിലൻഡിനെതിരായ ഫൈനലിൽ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ബുംറ ഇന്ത്യൻ ബോളിംഗ് നിരയുടെ കുന്തമുനയായിരുന്നു. പോണ്ടിംഗിന്റെ പട്ടികയിൽ പാകിസ്ഥാന്റെ സാഹിബ്‌സാദ ഫർഹാനും 9.5 മാർക്ക് ലഭിച്ചപ്പോൾ കിവീസ് താരം ടിം സൈഫർട്ടിന് 9 മാർക്കുണ്ട്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ചരിത്രം കുറിക്കുകയായിരുന്നു. ഇതോടെ ലോകകപ്പ് കിരീടം പ്രതിരോധിക്കുന്ന ആദ്യ ടീമായും മൂന്ന് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347446/ricky-ponting-names-the-best-players-of-the-world-cup)