---
title: "'കൃത്യമായ തെളിവുകളുണ്ട്', തന്ത്രിയുടെ ജാമ്യം റദ്ദാക്കണം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിച്ചു"
english_title: "Sabarimala gold robbery case: SIT files appeal in High Court seeking cancellation of Thantri's bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347428/sabarimala-gold-robbery-case-sit-files-appeal-in-high-court-seeking-cancellation-of-thantris-bail-"
published_at: "2026-03-13T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3b5537edb7_thandri.jpg"
keywords: []
---

# 'കൃത്യമായ തെളിവുകളുണ്ട്', തന്ത്രിയുടെ ജാമ്യം റദ്ദാക്കണം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിച്ചു

> **Lead Summary:** **കൊച്ചി: **ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം എസ്ഐടി ഹൈക്കോടതിയിൽ. കേസിൽ തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി അപ്പീൽ നൽകിയിരിക്കുന്നത്.

## Article Content

**കൊച്ചി: **ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം എസ്ഐടി ഹൈക്കോടതിയിൽ. കേസിൽ തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി അപ്പീൽ നൽകിയിരിക്കുന്നത്.

രണ്ട് കേസുകളിലെയും ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. തന്ത്രിക്കെതിരെ തെളിവുകൾ ഇല്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ പൂർണമായും നീക്കണമെന്നും അപ്പീലിൽ എസ്ഐടി ആവശ്യപ്പെടുന്നു.

ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് തന്ത്രി രാജീവര് കണ്ഠരര് നടത്തിയത്. ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിൽ സർക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാ പേക്ഷയിൽ വാദിച്ചത്.

ആചാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർത്തതിൽ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്. സ്വര്‍ണക്കൊള്ളക്കേസിൽ പങ്കിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

അതേസമയം ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്.

1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ.

ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347428/sabarimala-gold-robbery-case-sit-files-appeal-in-high-court-seeking-cancellation-of-thantris-bail-)