---
title: "കാസർകോട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകന്റെ മരണത്തിന് പിന്നാലെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം"
english_title: "Son dies after being hit by train in rush hour during hunter's event; couple commits suicide in depression"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347419/son-dies-after-being-hit-by-train-in-rush-hour-during-hunters-event-couple-commits-suicide-in-depression-new"
published_at: "2026-03-13T11:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3af0a92a6c_dead.jpg"
keywords: []
---

# കാസർകോട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകന്റെ മരണത്തിന് പിന്നാലെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** **കാസര്‍കോട്: **കാസർകോട് പൊയ്‌നാച്ചി പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.

## Article Content

**കാസര്‍കോട്: **കാസർകോട് പൊയ്‌നാച്ചി പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.

മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിസംബര്‍ 29നാണ് ശിവാനന്ദ് ട്രെയിന്‍ തട്ടി മരിച്ചത്.

ബേക്കൽ ബീച്ച് ഫെസ്‌റ്റിൽ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിനും തിരക്കിനും പിന്നാലെ തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ വച്ച് ട്രെയിൻ തട്ടിയായിരുന്നു ഇവരുടെ മകൻ ശിവാനന്ദ് മരിച്ചത്. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.

പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകർ കടത്തിവിട്ടതെങ്കിലും തിരക്കുകൂടിയതോടെ അതെല്ലാം തകർന്നു. വേടൻ വൈകിയതിനാൽ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയായിരുന്നു പരിപാടി ആരംഭിച്ചത്. സംഗീതപരിപാടി നടന്ന ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്‌റ്റേഷനിൽനിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയിൽവേ അടച്ചിരുന്നു. എന്നാൽ, ഇതു മറികടന്ന് പാർക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നി​ഗമനം.

*(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347419/son-dies-after-being-hit-by-train-in-rush-hour-during-hunters-event-couple-commits-suicide-in-depression-new)