---
title: "എൽപിജി ക്ഷാമം: പൂഴ്ത്തിവെപ്പ് തടയാൻ മഹാരാഷ്ട്രയിലും യുപിയിലും കൺട്രോൾ റൂമുകൾ തുറന്നു, പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ബോംബൈ ഹൈകോടതി"
english_title: "Control rooms opened in Maharashtra and UP, Bombay High Court sends notice to Petroleum Ministry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347379/control-rooms-opened-in-maharashtra-and-up-bombay-high-court-sends-notice-to-petroleum-ministry"
published_at: "2026-03-13T09:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b38f9d87dce_Bombay_High_Court_sends_notice_to_Petroleum_Ministry.jpg"
keywords: []
---

# എൽപിജി ക്ഷാമം: പൂഴ്ത്തിവെപ്പ് തടയാൻ മഹാരാഷ്ട്രയിലും യുപിയിലും കൺട്രോൾ റൂമുകൾ തുറന്നു, പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ബോംബൈ ഹൈകോടതി

> **Lead Summary:** ദില്ലി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. നാഗ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'കോൺഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ്' എന്ന സ്വകാര്യ കമ്പനി സിലിണ്ടർ വിതരണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് കാട്ടി ആറ് എൽപിജി വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. സർക്കാർ ഉത്തരവുകൾ പാലിക്കാതെ വിതരണം വൈകിപ്പിക്കുന്ന കമ്പനിക്കെതിരെ നടപടി വേണമെന്നും ഗാർഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

## Article Content

ദില്ലി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. നാഗ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'കോൺഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ്' എന്ന സ്വകാര്യ കമ്പനി സിലിണ്ടർ വിതരണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് കാട്ടി ആറ് എൽപിജി വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. സർക്കാർ ഉത്തരവുകൾ പാലിക്കാതെ വിതരണം വൈകിപ്പിക്കുന്ന കമ്പനിക്കെതിരെ നടപടി വേണമെന്നും ഗാർഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

പ്രതിസന്ധി പരിഹരിക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. ദില്ലിയിൽ നേരിട്ട് സ്ഥിതി വിലയിരുത്താൻ കേന്ദ്രം നടപടികൾ ആരംഭിച്ചു. യുപിയിൽ ഇതുവരെ പിടികൂടിയത് 200ലധികം സിലിണ്ടറുകളാണ്. മധ്യപ്രദേശിൽ കടത്താൻ ശ്രമിച്ച 38 സിലിണ്ടറുകളും പിടികൂടി.

ഗാർഹിക എൽപിജിയുടെ കാര്യത്തിൽ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികൾ ഊർജിതമാക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകള്‍ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. കൊച്ചിയിലടക്കംതട്ടുകടകളൂം പൂര്‍ണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകള്‍ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളുരുവിൽ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്‍റെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് പല ഹോട്ടലുകളും. മധുരമില്ലാത്ത ചായയും കോഫിയും ചില കടകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബെംഗളുരുവിലെ ആയിരക്കണക്കിന് പിജികൾ പലതും ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347379/control-rooms-opened-in-maharashtra-and-up-bombay-high-court-sends-notice-to-petroleum-ministry)