---
title: "പാചകവാതക പ്രതിസന്ധി: കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്ര സർക്കാറിന്റെ നിർദേശം, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും"
english_title: "Central government's directive to use coal and kerosene, states will be provided with more kerosene"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347374/central-governments-directive-to-use-coal-and-kerosene-states-will-be-provided-with-more-kerosene"
published_at: "2026-03-13T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b38cfe9c1b3_states_will_be_provided_with_more_kerosene.jpg"
keywords: []
---

# പാചകവാതക പ്രതിസന്ധി: കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്ര സർക്കാറിന്റെ നിർദേശം, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും

> **Lead Summary:** തിരുവനന്തപുരം: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖല കനത്ത പ്രതിസന്ധിയിലേക്ക്. ഇന്ധന ലഭ്യത കുറഞ്ഞതിനെത്തുടർന്ന് പലയിടങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത്, പാചകത്തിനായി എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടൽ ഉടമകൾക്ക് നിർദേശം നൽകി.

## Article Content

തിരുവനന്തപുരം: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖല കനത്ത പ്രതിസന്ധിയിലേക്ക്. ഇന്ധന ലഭ്യത കുറഞ്ഞതിനെത്തുടർന്ന് പലയിടങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത്, പാചകത്തിനായി എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടൽ ഉടമകൾക്ക് നിർദേശം നൽകി.

ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും എന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദൽ സംവിധാനങ്ങൾക്കും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ലഭ്യത കൂടുതലാക്കാനും നടപടികൾ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം ഗാർഹിക എൽപിജിയുടെ കാര്യത്തിൽ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികൾ ഊർജിതമാക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകള്‍ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. കൊച്ചിയിലടക്കംതട്ടുകടകളൂം പൂര്‍ണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകള്‍ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളുരുവിൽ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്‍റെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് പല ഹോട്ടലുകളും. മധുരമില്ലാത്ത ചായയും കോഫിയും ചില കടകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബെംഗളുരുവിലെ ആയിരക്കണക്കിന് പിജികൾ പലതും ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. വീട്ടു സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്രം വാണിജ്യ സിലിണ്ടറുകളുടെ കാര്യത്തിൽ ഉറപ്പൊന്നും നൽകാതായതോടെ ആണ് രാജ്യത്തെ നൂറു കണക്കിന് ഹോട്ടലുകൾ അടച്ചത്. വാണിജ്യ സിലിണ്ടർ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഇന്നലെ അറിയിച്ചെങ്കിലും നേരത്തെ നൽകിയിരുന്നതിന്റെ അഞ്ചിലൊന്ന് വിതരണം മാത്രമാണ് ഉണ്ടാവുക.ആഭ്യന്തര എൽപിജി ഉത്പാദനം 25% കൂട്ടി എന്ന് സർക്കാർ പറയുമ്പോഴും പ്രശ്ന പരിഹാരം ആയിട്ടില്ല. പരിഭ്രാന്തി പരത്തുന്നത് ഒഴിവാക്കണം എന്നാവർത്തിക്കുന്ന കേന്ദ്രം കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. പല സ്ഥലങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി സിലിണ്ടർ കിട്ടാൻ വരിനിൽക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347374/central-governments-directive-to-use-coal-and-kerosene-states-will-be-provided-with-more-kerosene)