---
title: " യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു, ആറ് സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ്"
english_title: "Major setback for America; US plane crashes in Iraq, six soldiers killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347361/major-setback-for-america-us-plane-crashes-in-iraq-six-soldiers-killed"
published_at: "2026-03-13T07:40:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3720a398cc_clash.jpg"
keywords: []
---

#  യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു, ആറ് സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ്

> **Lead Summary:** **തെഹ്റാൻ: മ**ധ്യപൂർവ്വേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ അമേരിക്കൻ സേനയ്ക്ക് കനത്ത ആഘാതം. യുഎസ് വിമാന വാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ യുഎസ് വിമാനവും തകര്‍ന്നുവീണു. ആര്‍ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

## Article Content

**തെഹ്റാൻ: മ**ധ്യപൂർവ്വേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ അമേരിക്കൻ സേനയ്ക്ക് കനത്ത ആഘാതം. യുഎസ് വിമാന വാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ യുഎസ് വിമാനവും തകര്‍ന്നുവീണു. ആര്‍ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് ഇറാഖിന്റെ ചില ഭാഗങ്ങളിലേക്ക് തകര്‍ന്നുവീണത്. ഇര്‍ബിലിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണം ഇറാനിലെ ആറായിരം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു.

വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ആക്രമണമല്ല കാരണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. അതേസമയം, അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധം യുഎസ് വിമാനം തകര്‍ത്ത് വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കൊലപ്പെടുത്തിയതായി ഐആര്‍ജിസി പ്രതികരിച്ചു.

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിലെ ഗലീലിയില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ പാരാമെഡിക്കല്‍ വിഭാഗം സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അതേസമയം, ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ഇറാന്‍ സഖ്യ ആക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റ് വ്യക്തമാക്കി. ഇറാന്‍-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി സ്ഥിരീകരിക്കുന്ന ഫ്രഞ്ച് സൈനികരുടെ മരണമാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347361/major-setback-for-america-us-plane-crashes-in-iraq-six-soldiers-killed)