---
title: "ലോകം വലിയ ഊർജ്ജപ്രതിസന്ധിയിലേക്ക്; ഹോർമുസ് കടലിടുക്ക് നിശ്ചലം, എണ്ണ വിതരണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്തംഭനം"
english_title: "The largest oil supply disruption in history"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347284/the-largest-oil-supply-disruption-in-history"
published_at: "2026-03-12T16:31:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b29d52b0afd_26.jpg"
keywords: []
---

# ലോകം വലിയ ഊർജ്ജപ്രതിസന്ധിയിലേക്ക്; ഹോർമുസ് കടലിടുക്ക് നിശ്ചലം, എണ്ണ വിതരണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്തംഭനം

> **Lead Summary:** **ടെഹ്റാൻ: [ **ആഗോള എണ്ണവിപണിയെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

## Article Content

**ടെഹ്റാൻ: [ **ആഗോള എണ്ണവിപണിയെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിതരണ തടസ്സത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾ ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടുന്നു.

പേർഷ്യൻ ഗൾഫിലെ ഊർജ്ജ കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ ആഗോള എണ്ണ വിതരണ ശൃംഖലയെ അടിമുടി ഉലച്ചിരിക്കുകയാണ്. ലോകത്തിലെ ആകെ എണ്ണ ഉൽപ്പാദനത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിശ്ചലമായതോടെ സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള പ്രമുഖ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലാണ്.

കയറ്റുമതി തടസ്സപ്പെട്ടതിനെത്തുടർന്ന് എണ്ണ സംഭരണികൾ നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിൽ, ഉൽപ്പാദനത്തിൽ ഒരു കോടി ബാരലിന്റെ എങ്കിലും കുറവ് വരുത്താൻ ഈ രാജ്യങ്ങൾ നിർബന്ധിതരായിരിക്കുന്നു.

കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകുന്നത് വിതരണ രംഗത്തെ വിടവ് ഇനിയും വർദ്ധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിലെ കണക്കുകൾ പ്രകാരം ഈ മാസം മാത്രം പ്രതിദിനം 80 ലക്ഷം ബാരൽ എണ്ണയുടെ കുറവാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷം ഗൾഫ് മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ മറ്റ് എണ്ണ ഉൽപ്പാദകർ തങ്ങളുടെ വിഹിതം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിൽ നിന്നുണ്ടായ ഈ ഭീമമായ കുറവ് നികത്താൻ അത് മതിയാകില്ല.

വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരാനും ഇത് കാരണമായേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347284/the-largest-oil-supply-disruption-in-history)