---
title: "കേരളത്തിൽ കടുത്ത ചൂടും അൾട്രാവയലറ്റ് ഭീഷണിയും; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്"
english_title: "Yellow alert in eight districts of the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347277/yellow-alert-in-eight-districts-of-the-state"
published_at: "2026-03-12T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2959839d3f_24.jpg"
keywords: []
---

# കേരളത്തിൽ കടുത്ത ചൂടും അൾട്രാവയലറ്റ് ഭീഷണിയും; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വരും ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർദ്ധിക്കുന്നതിനാൽ മലയോര മേഖലകളൊഴികെയുള്ള സ്ഥലങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും സാധ്യതയുണ്ട്. അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും ശക്തമായി പതിക്കുന്ന രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

സൂര്യപ്രകാശം തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം.

കൂടാതെ ചർമ്മരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347277/yellow-alert-in-eight-districts-of-the-state)