---
title: "ഇനി അവധിദിനങ്ങളല്ല, അറിവിന്റെ ദിനങ്ങൾ: വിദ്യാലയങ്ങളിലെ പൊതുഅവധി മാറ്റാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം"
english_title: "Child Rights Commission demands cancellation of school holidays on days including Independence Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347272/child-rights-commission-demands-cancellation-of-school-holidays-on-days-including-independence-day"
published_at: "2026-03-12T15:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2915fbbd51_22.jpg"
keywords: []
---

# ഇനി അവധിദിനങ്ങളല്ല, അറിവിന്റെ ദിനങ്ങൾ: വിദ്യാലയങ്ങളിലെ പൊതുഅവധി മാറ്റാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: [ **വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിശേഷദിനങ്ങളിലെ പൊതു അവധി നിർത്തലാക്കിക്കൊണ്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർണായക ഉത്തരവ് പുറപ്പെടുവിച്ചു.

## Article Content

**തിരുവനന്തപുരം: [ **വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിശേഷദിനങ്ങളിലെ പൊതു അവധി നിർത്തലാക്കിക്കൊണ്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർണായക ഉത്തരവ് പുറപ്പെടുവിച്ചു.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദിനങ്ങൾ കേവലം അവധി നൽകി ആഘോഷിക്കുന്നതിന് പകരം അറിവും വിജ്ഞാനവും പകരുന്ന പ്രവൃത്തി ദിനങ്ങളാക്കി മാറ്റാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.

കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. രാജ്യത്തിന്റെ ചരിത്രവും ഭരണഘടനാ മൂല്യങ്ങളും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

സ്വാതന്ത്ര്യദിനത്തിൽ പോരാളികളുടെ ചരിത്രവും, റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയെക്കുറിച്ചുള്ള അറിവും കുട്ടികൾക്ക് പകരണം. ഗാന്ധിജയന്തി ദിനം പരിസര ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കണം.

ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷവേളകളിൽ ഐക്യവും സമത്വവും വിഭാവനം ചെയ്യുന്ന സന്ദേശങ്ങൾ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി. നവോത്ഥാന നായകരായ ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ സന്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കേണ്ടതുണ്ട്.

സ്കൂൾ പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നില്ലെന്ന അധ്യാപകൻ എൽ. സുഗതന്റെ പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. റോഡ് സുരക്ഷ, സൈബർ നിയമം, പോക്സോ തുടങ്ങിയ വിഷയങ്ങളിൽ അവബോധം നൽകുന്നതിനൊപ്പം ശാസ്ത്രബോധം വളർത്താനുള്ള പദ്ധതികളും സ്കൂളുകളിൽ നടപ്പാക്കണം.

എല്ലാ സ്കൂൾ ലൈബ്രറികളിലും ഭരണഘടനയുടെ പുസ്തകം ലഭ്യമാക്കണമെന്നും വായനാദിനം, പരിസ്ഥിതി ദിനം എന്നിവ ഒരു ദിവസത്തെ ചടങ്ങിൽ ഒതുക്കാതെ ജീവിതസംസ്കാരമായി വളർത്തണമെന്നും നിർദ്ദേശമുണ്ട്.

ഈ ശുപാർശകളിൽ സ്വീകരിച്ച നടപടികൾ 60 ദിവസത്തിനകം അറിയിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോടും അനുബന്ധ വകുപ്പുകളോടും കമ്മീഷൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347272/child-rights-commission-demands-cancellation-of-school-holidays-on-days-including-independence-day)