---
title: "'സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു...! അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും'- നിലപാട് പറഞ്ഞ് ജി സുധാകരൻ"
english_title: "g sudhakaran press meet about candidature"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347207/g-sudhakaran-press-meet-about-candidature"
published_at: "2026-03-12T12:04:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25f4fb2268_g_sudhakaran1.jpg"
keywords: []
---

# 'സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു...! അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും'- നിലപാട് പറഞ്ഞ് ജി സുധാകരൻ

> **Lead Summary:** **ആലപ്പുഴ : ( **[www.truevisionnews.com]** ) ** സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് ജി. സുധാകരൻ തിരഞ്ഞെടുപ്പ് രംഗത്തേക്ക്. ഏറെ നേരം നീണ്ടുനിന്ന വാർത്താസമ്മേളനത്തിനൊടുവിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിലെ വ്യക്തിഹത്യയും അവഗണനയും സഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം തന്റെ പുതിയ രാഷ്ട്രീയ നീക്കം വെളിപ്പെടുത്തിയത്.

## Article Content

**ആലപ്പുഴ : ( **[www.truevisionnews.com]** ) ** സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് ജി. സുധാകരൻ തിരഞ്ഞെടുപ്പ് രംഗത്തേക്ക്. ഏറെ നേരം നീണ്ടുനിന്ന വാർത്താസമ്മേളനത്തിനൊടുവിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിലെ വ്യക്തിഹത്യയും അവഗണനയും സഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം തന്റെ പുതിയ രാഷ്ട്രീയ നീക്കം വെളിപ്പെടുത്തിയത്.

വാർത്താസമ്മേളനത്തിന്റെ തുടക്കത്തിൽ താൻ കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും യു.ഡി.എഫ് പിന്തുണയെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞ സുധാകരൻ, ഒടുവിലാണ് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി  മത്സരരംഗത്തുണ്ടാകുമെന്ന് അറിയിച്ചത്.

പാർട്ടിക്കെതിരെ മത്സരിക്കുന്നില്ല, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടെങ്കിൽ അദ്ദേഹം ജയിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തില്ലെന്നും ചുവരെഴുതില്ലെന്നും സുധാകരൻ പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറയില്ല, രാഷ്ട്രീയമായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങൾ തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും, ജനങ്ങളുടെ പിന്തുണയോടെ സ്വതന്ത്രമായി നിന്ന് ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച തന്റെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളിൽ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

തന്നേക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും സുധാകരൻ പറഞ്ഞു. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആവിഷ്‌കരിച്ച പെരുമ്പളം പാലത്തിന്റെ നിർമ്മാണത്തെക്കുറിച്ച് അഞ്ചോ ആറോ തവണ ദേശാഭിമാനിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളിലൊന്നും തന്റെ പേര് പരാമർശിക്കാൻ അവർ തയ്യാറായിട്ടില്ല. പത്രാധിപന്മാരല്ല ഇതിന് പിന്നിലെന്നും, മറിച്ച് അവിടെയുള്ള മറ്റുചിലരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347207/g-sudhakaran-press-meet-about-candidature)