---
title: "മനുഷ്യവേട്ടയ്ക്ക് ഇറങ്ങിയ പുള്ളിപ്പുലിക്ക് കിട്ടിയത് എട്ടിന്റെ പണി; പാൽ വാങ്ങാൻ പോയ അച്ഛനും മകനും നേരെ പാഞ്ഞടുത്ത പുള്ളിപ്പുലിയെ കൈകൊണ്ട് കൊന്ന് യുവാവ്!"
english_title: "A young man killed a leopard with his bare hands that rushed at a father and son who had gone to buy milk."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347162/a-young-man-killed-a-leopard-with-his-bare-hands-that-rushed-at-a-father-and-son-who-had-gone-to-buy-milk"
published_at: "2026-03-12T09:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b237f6df45b_2.jpg"
keywords: []
---

# മനുഷ്യവേട്ടയ്ക്ക് ഇറങ്ങിയ പുള്ളിപ്പുലിക്ക് കിട്ടിയത് എട്ടിന്റെ പണി; പാൽ വാങ്ങാൻ പോയ അച്ഛനും മകനും നേരെ പാഞ്ഞടുത്ത പുള്ളിപ്പുലിയെ കൈകൊണ്ട് കൊന്ന് യുവാവ്!

> **Lead Summary:** **സോളൻ: [ **ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും വെറുംകൈയോടെ പോരാടി ജീവൻ തിരിച്ചുപിടിച്ച യുവാവിന്റെ ധീരത ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.

## Article Content

**സോളൻ: [ **ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും വെറുംകൈയോടെ പോരാടി ജീവൻ തിരിച്ചുപിടിച്ച യുവാവിന്റെ ധീരത ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.

സർലി ഗ്രാമത്തിൽ പുലർച്ചെ പാൽ വാങ്ങാനായി മകനോടൊപ്പം പോയ പർവേഷ് ശർമയാണ് ഏഴ് വയസ്സുകാരനായ പുള്ളിപ്പുലിയെ 12 മിനിറ്റ് നീണ്ട മല്ലയുദ്ധത്തിനൊടുവിൽ വകവരുത്തിയത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പതറാതെ പുലിയുടെ വായ കൂട്ടിപ്പിടിക്കുകയും കഴുത്തിലും തലയിലും ശക്തമായി പ്രഹരിക്കുകയും ചെയ്തതാണ് പർവേഷിനും മകനും രക്ഷയായത്.

ഏറ്റുമുട്ടലിൽ പരിക്കേറ്റ പർവേഷിനെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ആർകിയിലെ ഐടിഐ വിദ്യാർത്ഥിയായ പർവേഷിന്റെ മനക്കരുത്തിനെ പ്രശംസിച്ചുകൊണ്ട് നാട്ടുകാരും വനംവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.

ഈ പുള്ളിപ്പുലി നേരത്തെ ഒരു സ്കൂട്ടർ യാത്രക്കാരനെയും ആക്രമിച്ചിരുന്നതായി വിവരമുണ്ട്. പ്രദേശം സന്ദർശിച്ച ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ രാജ്കുമാർ ശർമ പരിക്കേറ്റ യുവാവിന് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചു.

മാർച്ച് ആദ്യവാരം മുതൽ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വനംവകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും കൂട് സ്ഥാപിച്ച് പിടികൂടുന്നതിന് മുൻപേ ആക്രമണം സംഭവിക്കുകയായിരുന്നു.

ഹിമാചൽ പ്രദേശിൽ അടുത്ത കാലത്തായി മനുഷ്യ-മൃഗ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആവാസവ്യവസ്ഥയുടെ നാശമാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ പ്രധാന കാരണമെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് നടത്തിയ പുതിയ സെൻസസ് പ്രകാരം പുള്ളിപ്പുലികളുടെയും കരടികളുടെയും എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. സാധാരണയായി രാത്രിയിൽ ഇരതേടുന്ന പുള്ളിപ്പുലികൾ പുലർച്ചെ ആക്രമണം നടത്തുന്നത് അവ കടുത്ത പട്ടിണിയിലായതുകൊണ്ടാകാമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347162/a-young-man-killed-a-leopard-with-his-bare-hands-that-rushed-at-a-father-and-son-who-had-gone-to-buy-milk)