---
title: "പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകൾക്ക് പിന്നാലെ ട്രെയിനുകളിലും ഭക്ഷണ വിതരണം തടസ്സപ്പെട്ടേക്കും"
english_title: "Cooking gas shortage is severe; After hotels, food supply in trains may also be disrupted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347147/cooking-gas-shortage-is-severe-after-hotels-food-supply-in-trains-may-also-be-disrupted"
published_at: "2026-03-12T07:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b21af6181a2_6.jpg"
keywords: []
---

# പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകൾക്ക് പിന്നാലെ ട്രെയിനുകളിലും ഭക്ഷണ വിതരണം തടസ്സപ്പെട്ടേക്കും

> **Lead Summary:** രാജ്യത്ത് എൽ.പി.ജി വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദേശം നൽകി. ഇന്ധനക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തടയണമെന്നും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും നൽകിയ കുറിപ്പിൽ പറയുന്നു.

## Article Content

രാജ്യത്ത് എൽ.പി.ജി വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദേശം നൽകി. ഇന്ധനക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തടയണമെന്നും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും നൽകിയ കുറിപ്പിൽ പറയുന്നു.

ഇന്ധന പ്രതിസന്ധി വെറും 30 ശതമാനം മാത്രമാണെന്ന് പെട്രോളിയം മന്ത്രാലയം ആവർത്തിക്കുമ്പോഴും മുംബൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത പൂർണ്ണമായും നിലച്ച മട്ടാണ്.

പ്രതിസന്ധി രൂക്ഷമായതോടെ റെയിൽവേയിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തിയേക്കുമെന്ന് സൂചനയുണ്ട്. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക തിരികെ നൽകുന്ന കാര്യം റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

അതിനിടെ, കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടാകാനിടയുള്ള ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് ലഭിച്ചിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347147/cooking-gas-shortage-is-severe-after-hotels-food-supply-in-trains-may-also-be-disrupted)