---
title: "നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലേ? ബാങ്കുകൾക്ക് അത് വൻ വരുമാനം; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്"
english_title: "Public sector banks in the country face huge revenue loss for not maintaining minimum balance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347083/public-sector-banks-in-the-country-face-huge-revenue-loss-for-not-maintaining-minimum-balance"
published_at: "2026-03-11T16:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b14b3c77b5c_21.jpg"
keywords: []
---

# നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലേ? ബാങ്കുകൾക്ക് അത് വൻ വരുമാനം; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

> **Lead Summary:** ന്യുഡൽഹി: **[**സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അക്കൗണ്ട് ഉടമകളിൽ നിന്ന് ഈടാക്കിയത് 8092.83 കോടി രൂപ.

## Article Content

ന്യുഡൽഹി: **[**സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അക്കൗണ്ട് ഉടമകളിൽ നിന്ന് ഈടാക്കിയത് 8092.83 കോടി രൂപ.

ഈ വൻതുക പിഴയായി സമാഹരിച്ചുവെങ്കിലും, ഇത് മൊത്തമായി എഴുതിത്തള്ളാൻ ബാങ്കുകൾക്ക് നിലവിൽ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയെ അറിയിച്ചു. 2022-23 മുതൽ 2024-25 വരെയുള്ള കാലയളവിലെ കണക്കാണിത്.

എന്നാൽ ഈ പിഴത്തുക ബാങ്കുകളുടെ ആകെ വരുമാനത്തിന്റെ 0.23 ശതമാനം മാത്രമാണെന്നും ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനുണ്ടാകുന്ന ചെലവുകൾ നികത്താനാണ് ഇത് ഉപയോഗിക്കുന്നതെന്നും ധനമന്ത്രാലയം വിശദീകരിച്ചു.

സാധാരണക്കാരായ ഉപഭോക്താക്കളെ ബാധിക്കാത്ത തരത്തിൽ വലിയൊരു വിഭാഗം അക്കൗണ്ടുകളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജൻ ധൻ യോജന, ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ ഉൾപ്പെടെ ഏകദേശം 72 കോടി അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് പിഴ ബാധകമല്ല.

ഉപഭോക്തൃ സൗഹൃദ നടപടികളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020-ൽ തന്നെ ഈ പിഴ ഒഴിവാക്കിയിരുന്നു. തൊട്ടുപിന്നാലെ 2025-ഓടെ മറ്റ് ഒമ്പത് പൊതുമേഖലാ ബാങ്കുകൾ കൂടി പിഴ പൂർണ്ണമായും ഒഴിവാക്കുകയും ബാക്കിയുള്ളവ ചാർജുകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

അക്കൗണ്ടിലെ ബാലൻസ് നിശ്ചിത പരിധിയിൽ താഴെയായാൽ ഉടൻ പിഴ ഈടാക്കരുതെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശമുണ്ട്. ബാലൻസ് കുറയുന്ന പക്ഷം എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ഉപഭോക്താവിന് നിർബന്ധമായും മുന്നറിയിപ്പ് നൽകണം.

പണം തിരികെ നിക്ഷേപിക്കാൻ നിശ്ചിത സമയം അനുവദിച്ചതിന് ശേഷം മാത്രമേ പിഴ ഈടാക്കാവൂ എന്നാണ് ആർബിഐ നിയമം. ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇത്തരം ചാർജുകൾ ഈടാക്കുന്നതെന്നും പല ബാങ്കുകളും ഇപ്പോൾ സ്വമേധയാ ഈ രീതി പരിഷ്കരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347083/public-sector-banks-in-the-country-face-huge-revenue-loss-for-not-maintaining-minimum-balance)