---
title: "യുഎസ് ടെക് കമ്പനികളെ ഇറാൻ തകർക്കുമോ? പശ്ചിമേഷ്യയിലെ ഗൂഗിൾ, മൈക്രോസോഫ്റ്റ് ഓഫീസുകൾക്ക് നേരെ ഭീഷണി"
english_title: "Threats against Google and Microsoft offices in the Middle East"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347064/threats-against-google-and-microsoft-offices-in-the-middle-east"
published_at: "2026-03-11T15:40:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b140422798a_Threats_against_Google_and_Microsoft_offices_in_the_Middle_East.jpg"
keywords: []
---

# യുഎസ് ടെക് കമ്പനികളെ ഇറാൻ തകർക്കുമോ? പശ്ചിമേഷ്യയിലെ ഗൂഗിൾ, മൈക്രോസോഫ്റ്റ് ഓഫീസുകൾക്ക് നേരെ ഭീഷണി

> **Lead Summary:** ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കൻ ടെക് ഭീമന്മാരുടെ ഓഫീസുകൾക്ക് നേരെ ഇറാൻ ആക്രമണത്തിന് മുതിരുന്നതായി റിപ്പോർട്ട്. മേഖലയിലെ പ്രമുഖ യുഎസ് ടെക് കമ്പനികൾ ഇറാന്റെ ആക്രമണ പരിധിയിൽ ഉൾപ്പെട്ടേക്കാമെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസിനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, എൻവിഡിയ, ഐബിഎം, ഒറാക്കിൾ, പലാന്തിർ തുടങ്ങിയ മുൻനിര കമ്പനികൾക്കാണ് ഈ ഭീഷണി നിലനിൽക്കുന്നത്. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെയാണ് പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്.

## Article Content

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കൻ ടെക് ഭീമന്മാരുടെ ഓഫീസുകൾക്ക് നേരെ ഇറാൻ ആക്രമണത്തിന് മുതിരുന്നതായി റിപ്പോർട്ട്. മേഖലയിലെ പ്രമുഖ യുഎസ് ടെക് കമ്പനികൾ ഇറാന്റെ ആക്രമണ പരിധിയിൽ ഉൾപ്പെട്ടേക്കാമെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസിനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, എൻവിഡിയ, ഐബിഎം, ഒറാക്കിൾ, പലാന്തിർ തുടങ്ങിയ മുൻനിര കമ്പനികൾക്കാണ് ഈ ഭീഷണി നിലനിൽക്കുന്നത്. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെയാണ് പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്.

ഇറാന്‍റെ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ എന്ന തലക്കെട്ടില്‍ തസ്‌നിം ന്യൂസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ലോകത്തെ പല ടെക് ഭീമന്‍മാരുടെയും മിഡില്‍ ഈസ്റ്റിലെ ഓഫീസുകളും ക്ലൗഡ്, ഡാറ്റാ സെന്‍ററുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഐബിഎം, ഒറാക്കിള്‍, പലാന്തിര്‍ എന്നീ കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആക്രമിച്ചേക്കാം എന്നാണ് ആശങ്ക. ഇസ്രയേലിലും യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലും യുഎസ് ടെക് കമ്പനികള്‍ക്ക് ഓഫീസും സ്ഥാപനങ്ങളുമുണ്ട്. പ്രാദേശിക യുദ്ധത്തെ ഒരു ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ യുദ്ധമാക്കി ഇറാന്‍ മാറ്റിയേക്കാമെന്നും ഇറാന്‍റെ ലക്ഷ്യസ്ഥാനങ്ങള്‍ വികസിച്ചേക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്ത, പുറത്തുവന്നതിന് പിന്നാലെ പ്രതികരണത്തിനായി യുഎസ് ടെക് ഭീമന്‍മാരെ സമീപിച്ചിട്ടുള്ളതായി സിഎന്‍എനിന്‍റെ വാര്‍ത്തയില്‍ പറയുന്നു.

ദുബായിലെ ഉള്‍പ്പടെയുള്ള ആമസോണ്‍ ഡാറ്റ സെന്‍ററുകള്‍ക്ക് നേരെ ദിവസങ്ങള്‍ മുമ്പ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യോമാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ച ഇറാന്‍ ബഹ്‌റൈനിലെ ആമസോണ്‍ ഡാറ്റ സെന്‍ററിന് നേരെയും ഡ്രോണാക്രമണം നടത്തി. യുഎഇയിലെ രണ്ട് ആമസോണ്‍ സൗകര്യങ്ങള്‍ക്ക് നേരെയും ഇറാന്‍ ഡ്രോണുകള്‍ ആക്രമണശ്രമം നടത്തിയിരുന്നു. ഡാറ്റാ സെന്‍ററുകള്‍ക്കെതിരായ ആക്രമണം ഇന്‍റര്‍നെറ്റ്, ക്ലൗഡ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347064/threats-against-google-and-microsoft-offices-in-the-middle-east)