---
title: "കുഴി വില്ലനല്ല, രക്ഷകനായി! മരിച്ചെന്ന് കരുതിയ യുവതിക്ക് റോഡിലെ കുഴിയിൽ വീണപ്പോൾ പുനർജന്മം, ആശുപത്രിയിലേക്ക് മാറ്റി"
english_title: "Woman thought dead is reborn after falling into a pothole on the road, taken to hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347060/woman-thought-dead-is-reborn-after-falling-into-a-pothole-on-the-road-taken-to-hospital"
published_at: "2026-03-11T15:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b13e16dded1_Woman_thought_dead_is_reborn_after_falling_into_a_pothole_on_the_road.jpg"
keywords: []
---

# കുഴി വില്ലനല്ല, രക്ഷകനായി! മരിച്ചെന്ന് കരുതിയ യുവതിക്ക് റോഡിലെ കുഴിയിൽ വീണപ്പോൾ പുനർജന്മം, ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** ബറേലി: റോഡിലെ കുഴികൾ സാധാരണയായി ജീവനെടുക്കുന്ന വാർത്തകളാണ് നമ്മൾ കേൾക്കാറുള്ളതെങ്കിൽ, ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് പുറത്തുവരുന്നത് തികച്ചും വിസ്മയിപ്പിക്കുന്ന ഒരു വാർത്തയാണ്. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതി, സഞ്ചരിച്ച ആംബുലൻസ് റോഡിലെ കുഴിയിൽ വീണതിന് പിന്നാലെ ജീവിതത്തിലേക്ക് തിരികെ വന്നു. ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന വിലയിരുത്തലിൽ വെന്റിലേറ്റർ നീക്കം ചെയ്ത് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്.

## Article Content

ബറേലി: റോഡിലെ കുഴികൾ സാധാരണയായി ജീവനെടുക്കുന്ന വാർത്തകളാണ് നമ്മൾ കേൾക്കാറുള്ളതെങ്കിൽ, ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് പുറത്തുവരുന്നത് തികച്ചും വിസ്മയിപ്പിക്കുന്ന ഒരു വാർത്തയാണ്. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതി, സഞ്ചരിച്ച ആംബുലൻസ് റോഡിലെ കുഴിയിൽ വീണതിന് പിന്നാലെ ജീവിതത്തിലേക്ക് തിരികെ വന്നു. ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന വിലയിരുത്തലിൽ വെന്റിലേറ്റർ നീക്കം ചെയ്ത് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്.

ആംബുലൻസ് ശക്തമായി കുഴിയിൽ ചാടിയതിന് പിന്നാലെ യുവതി സ്വയം ശ്വസിക്കാനും കൈകാലുകൾ അനക്കാനും തുടങ്ങി. യുവതിയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പ് കണ്ടതോടെ ആദ്യം അമ്പരന്ന ബന്ധുക്കൾ ഉടൻ തന്നെ അവരെ തിരികെ ആശുപത്രിയിൽ എത്തിച്ചു. യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്രത്തിന് പോലും വിശദീകരിക്കാനാകാത്ത ഈ തിരിച്ചുവരവ് വലിയ അത്ഭുതമായാണ് പ്രദേശവാസികൾ കാണുന്നത്.

ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നതെന്നാണ് ലൈവ് മിൻ്റ് റിപ്പോർട്ട് ചെയ്യുന്നത്. യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും ഇനി ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്നുമാണ് ഇവിടുത്തെ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്. യുവതി മരിച്ചെന്ന വിലയിരുത്തലിൽ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുമ്പോഴാണ് റോഡിലെ കുഴി യുവതിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നത് അദ്ഭുതമായിട്ടാണ് കുടുംബാംഗങ്ങൾ കാണുന്നത്. റോഡിലെ കുഴിയിൽ വീണുണ്ടായ ആഘാതത്തിൽ യുവതിയുടെ ശരീരത്തിലുണ്ടായ എന്ത് മാറ്റമാണ് ചലനശേഷി തിരികെ നൽകിയതെന്ന് ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. തങ്ങളുടെ പ്രിയപ്പെട്ടവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ കുടുംബം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347060/woman-thought-dead-is-reborn-after-falling-into-a-pothole-on-the-road-taken-to-hospital)