---
title: "പൊലീസിനെ ആക്രമിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി; കണ്ണൂരിൽ 15 സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case filed against 15 CPM workers who attacked police at Peringoth in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347032/case-filed-against-15-cpm-workers-who-attacked-police-at-peringoth-in-kannur-new-"
published_at: "2026-03-11T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b12ed0a2cf9_police.jpg"
keywords: []
---

# പൊലീസിനെ ആക്രമിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി; കണ്ണൂരിൽ 15 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പെരിങ്ങോത്ത് പൊലീസിനെ ആക്രമിച്ച പതിനഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകനെ മർദ്ദിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നായിരുന്നു അക്രമം.

## Article Content

**കണ്ണൂർ: **കണ്ണൂർ പെരിങ്ങോത്ത് പൊലീസിനെ ആക്രമിച്ച പതിനഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകനെ മർദ്ദിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നായിരുന്നു അക്രമം.

യൂത്ത് ലീഗ് പ്രവർത്തകൻ ഷജീർ ഇഖ്ബാലിനെ ആക്രമിച്ച കേസിൽ പിടികൂടിയ വിഷ്ണുപ്രസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എത്തിയ സിപിഎം പ്രവർത്തകർ അതിക്രമം കാട്ടുകയായിരുന്നു. കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനു പുറമെ പൊലീസിനെ ആക്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അഞ്ച് സിപിഎം പ്രവർത്തകർക്കും കണ്ടാലറിയാവുന്ന പത്ത് പേർക്കുമെതിരെ കേസെടുത്തത്.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുള്ള അതിക്രമക്കേസിൽ പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയായപ്പോൾ പൊലീസിന് വധശ്രമത്തിനുള്ള തെളിവ് കണ്ടെത്താനായില്ല.

എഫ്ഐറിൽ സൂചിപ്പിച്ച, മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ല. ഗൂഢാലോചനയ്ക്കും തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. റെയിൽവേ സ്റ്റേഷനിലും കറുത്ത തുണി വാങ്ങിയ വ്യാപാര സ്ഥാപനത്തിലുമാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. പിന്നാലെ പ്രതികളെ ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.

ആരോഗ്യമന്ത്രിയെ അക്രമിച്ചെന്ന പരാതിയിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരായിരുന്നു അറസ്റ്റിലായത്.

ഫെബ്രുവരി 25നായിരുന്നു വീണാ ജോർജിന് നേരെ അതിക്രമമുണ്ടായത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്യിനും കഴുത്തിനും പരിക്കേറ്റിരുന്നു. പിന്നാലെ മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347032/case-filed-against-15-cpm-workers-who-attacked-police-at-peringoth-in-kannur-new-)