---
title: "നോസ് വീൽ തകർന്നു, വിമാനം നിലംതൊട്ടു; ഹൈദരാബാദ് - ഫുക്കറ്റ് വിമാനം വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു "
english_title: "Hyderabad-Phuket flight narrowly escapes major accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347029/hyderabad-phuket-flight-narrowly-escapes-major-accident"
published_at: "2026-03-11T14:21:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b12d8b65ccf_13.jpg"
keywords: []
---

# നോസ് വീൽ തകർന്നു, വിമാനം നിലംതൊട്ടു; ഹൈദരാബാദ് - ഫുക്കറ്റ് വിമാനം വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു 

> **Lead Summary:** **ബാങ്കോക്ക്: [ **ഹൈദരാബാദിൽ നിന്ന് തായ്‌ലൻഡിലേക്ക് തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിംഗിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെ അതിജീവിച്ചത് പൈലറ്റിന്റെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ്.

## Article Content

**ബാങ്കോക്ക്: [ **ഹൈദരാബാദിൽ നിന്ന് തായ്‌ലൻഡിലേക്ക് തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിംഗിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെ അതിജീവിച്ചത് പൈലറ്റിന്റെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ്.

ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ നോസ് വീലിന് (മുൻവശത്തെ ചക്രം) തകരാർ സംഭവിക്കുകയായിരുന്നു. ബോയിംഗ് 737-മാക്സ് 8 വിമാനമാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്.

എന്നാൽ സാഹസികമായ നീക്കത്തിലൂടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ പൈലറ്റിന് സാധിച്ചു. ലാൻഡിംഗ് ഗിയർ സിസ്റ്റത്തിലെ നിർണായക ഭാഗമായ നോസ് വീൽ പ്രവർത്തനരഹിതമായത് വലിയൊരു ദുരന്തത്തിന് കാരണമായേക്കാവുന്ന സാഹചര്യമായിരുന്നു.

എന്നാൽ വിമാനത്തിലുണ്ടായിരുന്ന 133 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച രാവിലെ 6.42-ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം 11.40-നാണ് ഫുക്കറ്റിൽ ലാൻഡ് ചെയ്തത്.

അപകടത്തെത്തുടർന്ന് വിമാനം റൺവേയിൽ കുടുങ്ങിയതോടെ ഫുക്കറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയായി വൈകുന്നേരം വരെ റൺവേ അടച്ചിടാൻ അധികൃതർ തീരുമാനിച്ചു.

ഇതോടെ വിമാനത്താവളത്തിൽ എത്തേണ്ട മറ്റു വിമാനങ്ങൾ വഴിതിരിച്ചുവിടുകയും തായ്‌ലൻഡ് വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് തലനാരിഴയ്ക്കുള്ള വൻ ദുരന്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347029/hyderabad-phuket-flight-narrowly-escapes-major-accident)