---
title: "മാപ്പ് പറഞ്ഞാൽ തീരില്ല! ഗണേഷ് കുമാർ രാജി വെക്കണം; മന്ത്രിയെ പൂട്ടാൻ കോൺഗ്രസ്, തലസ്ഥാനത്ത് പ്രതിഷേധം"
english_title: "Ganesh Kumar should resign; Congress wants to lock up the minister, protests in the capital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346942/ganesh-kumar-should-resign-congress-wants-to-lock-up-the-minister-protests-in-the-capital"
published_at: "2026-03-11T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0e86a3b42c_Congress_wants_to_lock_up_the_minister,_protests_in_the_capital.jpg"
keywords: []
---

# മാപ്പ് പറഞ്ഞാൽ തീരില്ല! ഗണേഷ് കുമാർ രാജി വെക്കണം; മന്ത്രിയെ പൂട്ടാൻ കോൺഗ്രസ്, തലസ്ഥാനത്ത് പ്രതിഷേധം

> **Lead Summary:** തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ്. വിഷയത്തിൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി നേതൃത്വം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

## Article Content

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ്. വിഷയത്തിൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി നേതൃത്വം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

വിഷയത്തിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും, രാഷ്ട്രീയ ഒത്തുതീർപ്പിനായി ഗൗരവകരമായ കുറ്റകൃത്യം മറച്ചുവെക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ പ്രക്ഷോഭം കടുപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം, ​​ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി നൽകിയിരുന്നു യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ​ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺ​ഗ്രസ് തിരിഞ്ഞത്.

കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്നും ഗണേഷ്കുമാറിനെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കും ബിജെപി നേതാവ് ശ്രീലേഖ കാര്യങ്ങൾ അറിഞ്ഞിട്ടും നടപടി ഉണ്ടായില്ല. വീണയും ശ്രീലേഖയും കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നും ബിനു ചുള്ളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുമ്പോഴും എൽഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346942/ganesh-kumar-should-resign-congress-wants-to-lock-up-the-minister-protests-in-the-capital)