---
title: " ബില്ലടച്ച് ഇറങ്ങാൻ പറഞ്ഞത് പിടിച്ചില്ല ...; കോട്ടയത്ത് മദ്യപൻ ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ചു"
english_title: "Drunk man shoots bar employee in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346927/drunk-man-shoots-bar-employee-in-kottayam"
published_at: "2026-03-11T07:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0c77bcb126_dead.jpg"
keywords: []
---

#  ബില്ലടച്ച് ഇറങ്ങാൻ പറഞ്ഞത് പിടിച്ചില്ല ...; കോട്ടയത്ത് മദ്യപൻ ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ചു

> **Lead Summary:** **കോട്ടയം : ** പുതുപ്പള്ളിയിൽ ബാർ സമയം കഴിഞ്ഞെന്നു പറഞ്ഞ ജീവനക്കാരനു നേരെ മദ്യപന്റെ വെടിയുതിർക്കൽ. ബില്ലടച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടതിലുള്ള പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്.

## Article Content

**കോട്ടയം : ** പുതുപ്പള്ളിയിൽ ബാർ സമയം കഴിഞ്ഞെന്നു പറഞ്ഞ ജീവനക്കാരനു നേരെ മദ്യപന്റെ വെടിയുതിർക്കൽ. ബില്ലടച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടതിലുള്ള പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്.

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കൾ രാത്രി 11ന് ആണു സംഭവം. സംഘത്തിലെ രണ്ടുപേർ ചേർന്നു ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ബാറിൽനിന്നു പുറത്തിറങ്ങിയ സംഘാംഗങ്ങളിലൊരാൾ ബാറിന്റെ പാർക്കിങ് ഏരിയയിൽവച്ച് ബാർ ജീവനക്കാരനു നേരെ തോക്കുചൂണ്ടി.

സംഘത്തിലെ മറ്റു രണ്ടുപേർ ചേർന്നു പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മദ്യപൻ വെടിയുതിർത്തു. ബാർ ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതോടെ, സംഘം സ്ഥലത്തുനിന്നു കടന്നുകളഞ്ഞെന്നും ബാർ മാനേജ്മെന്റ് ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ചെന്നാണു പൊലീസ് നിഗമനം.

കേസെടുത്തെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. ബാർ ജീവനക്കാരായ യുവതികളോടു മദ്യപസംഘത്തിലെ രണ്ടുപേർ മോശമായി പെരുമാറിയതാണു തർക്കത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346927/drunk-man-shoots-bar-employee-in-kottayam)