---
title: "പശ്ചിമേഷ്യൻ യുദ്ധം പാകിസ്താനെ തളർത്തുന്നു; മന്ത്രിമാർക്ക് ശമ്പളമില്ല, സ്കൂളുകൾക്ക് അവധി, രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്"
english_title: "The Middle East war is weakening Pakistan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346858/the-middle-east-war-is-weakening-pakistan"
published_at: "2026-03-10T16:54:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afffab3e5da_25.jpg"
keywords: []
---

# പശ്ചിമേഷ്യൻ യുദ്ധം പാകിസ്താനെ തളർത്തുന്നു; മന്ത്രിമാർക്ക് ശമ്പളമില്ല, സ്കൂളുകൾക്ക് അവധി, രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്

> **Lead Summary:** **ഇസ്ലാമാബാദ്: [ **പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങൾ പാകിസ്താനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

## Article Content

**ഇസ്ലാമാബാദ്: [ **പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങൾ പാകിസ്താനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

ഇന്ധനക്ഷാമവും വിലക്കയറ്റവും പ്രതിരോധിക്കുന്നതിനായി രാജ്യം കർശനമായ ചെലവുചുരുക്കൽ നടപടികളിലേക്ക് കടന്നതായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' ഏർപ്പെടുത്തുകയും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ആഴ്ചയിൽ നാല് ദിവസമായി പരിമിതപ്പെടുത്തുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ഓൺലൈനാക്കാനും സ്കൂളുകൾക്ക് രണ്ടാഴ്ചത്തെ അവധി നൽകാനും തീരുമാനമായിട്ടുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് പകുതിയായി വെട്ടിക്കുറച്ചു.

ആംബുലൻസുകളെയും പൊതുഗതാഗതത്തെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും 60 ശതമാനം സർക്കാർ വാഹനങ്ങളും അടുത്ത രണ്ട് മാസത്തേക്ക് നിരത്തിലിറക്കില്ല. ഭരണാധികാരികളും ജനപ്രതിനിധികളും മാതൃകയാകണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ രണ്ട് മാസത്തേക്ക് ശമ്പളം വാങ്ങില്ലെന്നും എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി.

കൂടാതെ, ഉയർന്ന ശമ്പളമുള്ള ഉദ്യോഗസ്ഥരുടെ വരുമാനത്തിന്റെ ഒരു വിഹിതം ജനക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങളോ ഫർണിച്ചറുകളോ ജൂൺ വരെ വാങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയ സർക്കാർ, വിദേശയാത്രകൾക്കും ഔദ്യോഗിക വിരുന്നുകൾക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

ഇന്ധന വില വർദ്ധനവ് മൂലം പാകിസ്താന്റെ ഇറക്കുമതി ബില്ല് 600 ദശലക്ഷം ഡോളറിലേക്ക് ഉയർന്നേക്കാമെന്ന ധനമന്ത്രിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങൾ. അതേസമയം, സാഹചര്യം മുതലെടുത്ത് എണ്ണ പൂഴ്ത്തിവെക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346858/the-middle-east-war-is-weakening-pakistan)