---
title: "'ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'; കെ.ബി. ഗണേഷ് കുമാറിന് എതിരായ ആരോപണം, മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപിക്കുമെതിരെ പരാതി"
english_title: "Allegations against K.B. Ganesh Kumar complaint against Chief Minister's daughter and former DGP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346847/allegations-against-kb-ganesh-kumar-complaint-against-chief-ministers-daughter-and-former-dgp"
published_at: "2026-03-10T16:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aff960a30bb_complaint.jpg"
keywords: []
---

# 'ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'; കെ.ബി. ഗണേഷ് കുമാറിന് എതിരായ ആരോപണം, മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപിക്കുമെതിരെ പരാതി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** മന്ത്രി കെ ബി ​ഗണേഷ് കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി നൽകി യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** മന്ത്രി കെ ബി ​ഗണേഷ് കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി നൽകി യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ​ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺ​ഗ്രസ് തിരിഞ്ഞത്.

അതേസമയം, ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ലെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുമ്പോഴും എൽഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുകയാണ്.

അതേസമയം, വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടായിരുന്നു ഗണേഷ് കുമാറിൻ്റെ മറുപടി. ബജറ്റ് ടൂറിസത്തിന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി കെഎസ്ആർടിസി കരാർ ഒപ്പിട്ടു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂവെന്നും താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇത് തൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

> "തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. രോഗ ചികിത്സയ്ക്ക് അടക്കം സഹായകരമാകുന്ന പൊതു ഫണ്ട് സംവിധാനം ഉടൻ നടപ്പിലാക്കും. ഇത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം. ഞാൻ രാജിവയ്ക്കും എന്ന് കരുതി എന്റെ പുറകെ ആരും വരണ്ട", ഗണേഷ് കുമാർ പറഞ്ഞു.

വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഗണേഷ് കുമാർ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. അതോടെ സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നും ഭാര്യ ബിന്ദു മേനോൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346847/allegations-against-kb-ganesh-kumar-complaint-against-chief-ministers-daughter-and-former-dgp)