---
title: "പശ്ചിമേഷ്യൻ സംഘർഷം: രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; മുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി"
english_title: "Two IndiGo flights diverted; 300 passengers in distress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346835/two-indigo-flights-diverted-300-passengers-in-distress"
published_at: "2026-03-10T15:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afeefb94dd4_Two_IndiGo_flights_diverted;_300_passengers_in_distress.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം: രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; മുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി

> **Lead Summary:** ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വ്യോമപാതകളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഇന്ത്യൻ വിമാന സർവീസുകളെ പ്രതിസന്ധിയിലാക്കുന്നു. സുരക്ഷാ കാരണങ്ങളാൽ പാതകൾ മാറ്റേണ്ടി വന്നതോടെ ഇൻഡിഗോയുടെ രണ്ട് രാജ്യാന്തര സർവീസുകൾ വഴിതിരിച്ചുവിട്ടു. ലണ്ടനിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുമുള്ള വിമാനങ്ങളാണ് ഇത്തരത്തിൽ വഴിമാറി സഞ്ചരിക്കേണ്ടി വന്നത്. വിമാനങ്ങൾ വഴിതിരിച്ചുവിട്ടതോടെ മുന്നൂറോളം യാത്രക്കാരാണ് ദുരിതത്തിലായത്.

## Article Content

ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വ്യോമപാതകളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഇന്ത്യൻ വിമാന സർവീസുകളെ പ്രതിസന്ധിയിലാക്കുന്നു. സുരക്ഷാ കാരണങ്ങളാൽ പാതകൾ മാറ്റേണ്ടി വന്നതോടെ ഇൻഡിഗോയുടെ രണ്ട് രാജ്യാന്തര സർവീസുകൾ വഴിതിരിച്ചുവിട്ടു. ലണ്ടനിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുമുള്ള വിമാനങ്ങളാണ് ഇത്തരത്തിൽ വഴിമാറി സഞ്ചരിക്കേണ്ടി വന്നത്. വിമാനങ്ങൾ വഴിതിരിച്ചുവിട്ടതോടെ മുന്നൂറോളം യാത്രക്കാരാണ് ദുരിതത്തിലായത്.

ഞായറാഴ്ച ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E002 ഇൻഡിഗോ വിമാനമാണ് എറിത്രിയൻ വ്യോമപാതയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കാത്തതിനെത്തുടർന്ന് ഈജിപ്തിലെ കെയ്‌റോയിലേക്ക് തിരിച്ചുവിട്ടത്. എട്ട് മണിക്കൂറിലധികം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് പിന്നീട് ഹോട്ടൽ താമസവും വിസയും എയർലൈൻ ക്രമീകരിച്ചു. വിമാനം ചൊവ്വാഴ്ച യാത്ര പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.

ദില്ലിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട 6E033 വിമാനത്തിലാണ് മറ്റൊരു സംഭവം ഉണ്ടായത്. എറിത്രിയൻ അതിർത്തിക്ക് സമീപം എത്തിയപ്പോൾ പെട്ടെന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളെത്തുടർന്ന് വിമാനം തിരിച്ച് ദില്ലിയിൽ തന്നെ ഇറക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം യൂറോപ്പിലേക്കുള്ള വിമാനങ്ങൾ ആഫ്രിക്കൻ വൻകരയ്ക്ക് മുകളിലൂടെ ചുറ്റിക്കറങ്ങിയാണ് പോകുന്നത്. ഇതിനാൽ യാത്ര സമയം 10 മണിക്കൂറിലധികമായി വർധിച്ചു. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ വ്യോമപാതകൾ ഉപയോഗിക്കാൻ കഴിയാത്തത് ഇന്ത്യൻ വിമാനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള നൂറിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346835/two-indigo-flights-diverted-300-passengers-in-distress)