---
title: "ചെന്താമരയെ രക്ഷിക്കാൻ ബന്ധുക്കൾ? നെന്മാറ ഇരട്ടക്കൊലക്കേസിൽ സഹോദരനും ഭാര്യയും കോടതിയിൽ മൊഴി മാറ്റി"
english_title: "Nenmara double murder case: Accused Chenthamara's brother, sister-in-law and neighbor change their statements in court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346830/nenmara-double-murder-case-accused-chenthamaras-brother-sister-in-law-and-neighbor-change-their-statements-in-court-new-"
published_at: "2026-03-10T15:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afeb2b74add_chethamara.jpg"
keywords: []
---

# ചെന്താമരയെ രക്ഷിക്കാൻ ബന്ധുക്കൾ? നെന്മാറ ഇരട്ടക്കൊലക്കേസിൽ സഹോദരനും ഭാര്യയും കോടതിയിൽ മൊഴി മാറ്റി

> **Lead Summary:** **പാലക്കാട്: **പാലക്കാട് നെന്മാറയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണാ വേളയിൽ നിർണ്ണായകമായ പുതിയ വഴിത്തിരിവുകൾ ഉണ്ടായിരിക്കുകയാണ്. കേസിൽ മൊഴി മാറ്റി 3 സാക്ഷികൾ. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയൽവാസി എന്നിവർ പോലീസിന് നൽകിയ മൊഴിയാണ് കോടതിയിൽ മാറ്റി പറഞ്ഞത്.

## Article Content

**പാലക്കാട്: **പാലക്കാട് നെന്മാറയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണാ വേളയിൽ നിർണ്ണായകമായ പുതിയ വഴിത്തിരിവുകൾ ഉണ്ടായിരിക്കുകയാണ്. കേസിൽ മൊഴി മാറ്റി 3 സാക്ഷികൾ. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയൽവാസി എന്നിവർ പോലീസിന് നൽകിയ മൊഴിയാണ് കോടതിയിൽ മാറ്റി പറഞ്ഞത്.

കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ കോടതിയിൽ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും അയൽവാസി പൊന്നുകുട്ടിയും പോലീസിന് നൽകിയ മൊഴികളിൽ ചിലത് കോടതിയിൽ നിഷേധിച്ചു.

മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ നെന്മാറ സജിതാ വധകേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയും മൊഴി നൽകിയിരുന്നു . തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്‌പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.

2025 ജനുവരി 27 നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോൾ സമീപത്തെ പറമ്പിൽ ആടുമേയ്ക്കുകയായിരുന്നു സാക്ഷി.

ലക്ഷ്‌മിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സാക്ഷി കൊലപാതകം കണ്ട് ഞെട്ടി വീട്ടിലേക്ക് ഓടി പോയി. രണ്ടു ദിവസം പേടിച്ച് പനി പിടിച്ചു കിടന്നു. പിന്നീട് ജോലി സ്ഥലമായ നെല്ലിയാമ്പതിയിലേക്ക് പോയി. പിന്നെ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് പൊലീസിന് ദൃക്സസാക്ഷിയെ കുറിച്ച് വിവരം ലഭിക്കുന്നത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346830/nenmara-double-murder-case-accused-chenthamaras-brother-sister-in-law-and-neighbor-change-their-statements-in-court-new-)