---
title: "എൽ.പി.ജി ക്ഷാമം: ബെംഗളൂരുവിലും ചെന്നൈയിലും നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും"
english_title: "LPG shortage: Restaurants in big cities face closure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346800/lpg-shortage-restaurants-in-big-cities-face-closure-NEW-"
published_at: "2026-03-10T14:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afdace74f4d_l_p_g.jpg"
keywords: []
---

# എൽ.പി.ജി ക്ഷാമം: ബെംഗളൂരുവിലും ചെന്നൈയിലും നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും

> **Lead Summary:** **മുംബൈ:** പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-യു.എസ് യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതോടെ വൻനഗരങ്ങളിലെ ഹോട്ടൽ വ്യവസായം സ്തംഭനത്തിലേക്ക്. പാചകവാതക ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി വൻനഗരങ്ങളിലെ റെസ്റ്റോറന്‍റ് ഉടമകൾ. പാചക വാതക പ്രതിസന്ധി രൂക്ഷമാണെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മുംബൈ, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലെ ഹോട്ടൽ ആന്‍റ് റെസ്റ്റൊറന്‍റ് അസോസിയേഷനുകൾ രംഗത്തെത്തി.

## Article Content

**മുംബൈ:** പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-യു.എസ് യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതോടെ വൻനഗരങ്ങളിലെ ഹോട്ടൽ വ്യവസായം സ്തംഭനത്തിലേക്ക്. പാചകവാതക ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി വൻനഗരങ്ങളിലെ റെസ്റ്റോറന്‍റ് ഉടമകൾ. പാചക വാതക പ്രതിസന്ധി രൂക്ഷമാണെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മുംബൈ, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലെ ഹോട്ടൽ ആന്‍റ് റെസ്റ്റൊറന്‍റ് അസോസിയേഷനുകൾ രംഗത്തെത്തി.

ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ റെസ്റ്റോറന്റുകളിലേക്കുള്ള വാണിജ്യ എൽ.പി.ജി വിതരണം മുടങ്ങിയതായി ചെന്നൈ ഹോട്ടൽസ് അസോസിയേഷനും ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷനും ചൂണ്ടിക്കാട്ടി. ഗ്യാസ് വിതരണം നിലച്ചതിനാൽ നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും ബെംഗളൂരുവിലെ അസോസിയേഷൻ അറിയിച്ചതായി പി.‌ടി‌.ഐ റിപ്പോർട്ട് ചെയ്തു.

ഇറാനെതിരെ ഇസ്രായേലും യു.എസും സംയുക്തമായി ആക്രമണം നടത്തുകയും ഹുർമുസ് കടലിടുക്ക് ഇറാൻ അടക്കുകയും ചെയ്തതോടെ എൽ.പി.ജി വില ഗാർഹിക കുറ്റികൾക്ക് 60 രൂപയും വാണിജ്യ കുറ്റികൾക്ക് 115 രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാചക വാതകത്തിന്‍റെ കടുത്തക്ഷാമവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ, ദൈനംദിന ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാർ, വിദ്യാർഥികൾ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരെ പ്രവർത്തനങ്ങളിലെ തടസ്സം ബാധിക്കുമെന്ന് സംഘടന പറഞ്ഞു.

> വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഇടപെടണമെന്ന് ചെന്നൈ ഹോട്ടൽ അസോസിയേഷൻ ആവശ്യപ്പെട്ടു. “സ്റ്റോക്ക് ലഭ്യമല്ലെന്ന് പറഞ്ഞു വിതരണക്കാർ എൽ‌.പി‌.ജി വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർണ്ണമായും നിർത്തിവച്ചു, അത് കാരണം പല റെസ്റ്റോറന്റുകളും അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്നു,” അസോസിയേഷൻ ട്വീറ്റിൽ പറഞ്ഞു.

ഐ.ടി പാർക്കുകളിലേക്കും കോളേജ് ഹോസ്റ്റലുകളിലേക്കുമുള്ള ഭക്ഷണ വിതരണത്തെയും നിലവിലുള്ള ബുക്കിങ്ങിനെയും ബാധിക്കുമെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ‌.ആർ.‌ഐ)യും സർക്കാരിന്റെ ഇടപെടലിനെ ആവശ്യപ്പെട്ടു. എൽ.പി.ജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം കാരണം 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതരാവുകയാണ് മുംബൈയിലെ ഹോട്ടൽ വ്യാപാരികൾ പറഞ്ഞു.

ദാദർ, അന്ധേരി, മാട്ടുംഗ തുടങ്ങിയ പ്രദേശങ്ങളിലെ പ്രശസ്തമായ ഭക്ഷണശാലകൾ ഇതിനകം തന്നെ മെനുകൾ ചുരുക്കിരിക്കുകയാണെന്നും ഇവർ പറഞ്ഞു. ഗ്യാസ് സ്റ്റോക്കുകൾ സംരക്ഷിക്കുന്നതിനായി ഹോട്ടലുകൾ പ്രവർത്തന സമയം കുറക്കുകയും ചെയ്തു. ഹോട്ടൽ, റെസ്റ്റോറന്റ് വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഗ്യാസ് ക്ഷാമത്തിൽ ആശങ്ക അറിയിച്ച് രംഗത്തെത്തി.

മാർച്ച് അഞ്ചിലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി നിരവധി വിതരണക്കാർ വിതരണം തടഞ്ഞുവച്ചിരിക്കുകയാണെന്ന് അസോസിയേഷൻ പറഞ്ഞു. ഈ സാഹചര്യത്തിൽ, ഹോട്ടൽ, ഭക്ഷ്യ സേവന മേഖലകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിശദീകരണം സർക്കാർ പുറത്തിറക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346800/lpg-shortage-restaurants-in-big-cities-face-closure-NEW-)