---
title: "മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ അച്ഛൻ തള്ളിയിട്ടു; ട്രെയിനിൽനിന്ന്‌ വീണ്‌ യുവാവ് മരിച്ച സംഭവം, കൊലപാതകമെന്ന്‌ പൊലീസ്‌"
english_title: "police say death of young man after falling from train was murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346795/police-say-death-of-young-man-after-falling-from-train-was-murder"
published_at: "2026-03-10T13:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afd3daa47a8_murder.jpg"
keywords: []
---

# മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ അച്ഛൻ തള്ളിയിട്ടു; ട്രെയിനിൽനിന്ന്‌ വീണ്‌ യുവാവ് മരിച്ച സംഭവം, കൊലപാതകമെന്ന്‌ പൊലീസ്‌

> **Lead Summary:** **പാലക്കാട് : ( **[www.truevisionnews.com]** ) ** മലമ്പുഴ കാഞ്ഞിരക്കടവ് റെയിൽവേ മേൽപ്പാലത്തിനുതാഴെ യുവാവിനെ ട്രെയിനിൽനിന്ന്‌ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്‌ കൊലപാതകമെന്ന് പൊലീസ്. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി മുകേഷാണ് മരിച്ചത്. സംഭവത്തിൽ കൂടെയുണ്ടായിരുന്നയാളെ പൊലീസ്‌ പിടികൂടി. തിങ്കൾ പകൽ മൂന്നോടെയാണ് മൃതദേഹം പുഴയുടെ സമീപത്തെ ചതുപ്പിൽനിന്ന്‌ കണ്ടെത്തിയത്.

## Article Content

**പാലക്കാട് : ( **[www.truevisionnews.com]** ) ** മലമ്പുഴ കാഞ്ഞിരക്കടവ് റെയിൽവേ മേൽപ്പാലത്തിനുതാഴെ യുവാവിനെ ട്രെയിനിൽനിന്ന്‌ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്‌ കൊലപാതകമെന്ന് പൊലീസ്. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി മുകേഷാണ് മരിച്ചത്. സംഭവത്തിൽ കൂടെയുണ്ടായിരുന്നയാളെ പൊലീസ്‌ പിടികൂടി. തിങ്കൾ പകൽ മൂന്നോടെയാണ് മൃതദേഹം പുഴയുടെ സമീപത്തെ ചതുപ്പിൽനിന്ന്‌ കണ്ടെത്തിയത്.

പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്‌ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്‌. ഞായർ രാത്രി പത്തരയോടെ കണ്ണൂർ –യശ്വന്ത്പുർ എക്സ്പ്രസിൽനിന്നുമാണ് യുവാവ് പുഴയിലേക്ക് വീണത്. പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുടുംബം പൂതന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കൂടെ സഞ്ചരിച്ചിരുന്ന യുവാവിനെ കാണാനില്ലെന്ന് ആർപിഎഫിന് പരാതി നൽകി.

ആർപിഎഫ് ഇക്കാര്യം പാലക്കാട് റെയിൽവേ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവാവിനൊപ്പം സഞ്ചരിച്ചിരുന്ന പെൺകുട്ടിയും അവരുടെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം കർണാടകത്തിലെ മംഗളൂരുവിൽ റബർ ടാപ്പിങ്‌ കരാറെടുത്ത് നടത്തുകയായിരുന്നു.

ഞായറാഴ്ച മംഗളൂരുവിൽനിന്ന്‌ നാട്ടിലേക്ക് മടങ്ങിയ നാലുപേരും പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബർത്തുകളിൽ ഉറങ്ങാനായി കിടന്നു. അൽപ്പസമയം കഴിഞ്ഞ് പെൺകുട്ടിയുടെ അച്ഛൻ ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോൾ മകളെയും മുകേഷിനെയും ബർത്തുകളിൽ കണ്ടില്ല. ഇരുവരെയും അന്വേഷിക്കവേ ഇവർ ട്രെയിനിന്റെ വാതിലിനുസമീപംനിന്ന് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

പെൺകുട്ടിയുടെ അച്ഛൻ യുവാവിനെ പിടിച്ചുതള്ളുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ബാലൻസ് തെറ്റിയാണ് യുവാവ് ട്രെയിനിൽനിന്ന്‌ താഴേക്ക് വീണത്. അപകടശേഷം കുടുംബംതന്നെയാണ് തങ്ങളുടെ കൂടെ സഞ്ചരിച്ചിരുന്ന ആളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയത്.

സംസാരത്തിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പെൺകുട്ടിയുടെ അച്ഛനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ പോക്സോ വകുപ്പ് ഉൾപ്പെടെ പരിശോധിച്ചശേഷമേ കേസിൽ തുടർനടപടി സ്വീകരിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346795/police-say-death-of-young-man-after-falling-from-train-was-murder)