---
title: "'ട്രംപ്, ഈ കണ്ണുകളിലേക്ക് നോക്കൂ'; കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമായി ടെഹ്‌റാൻ ടൈംസ്: ലോകത്തെ കരയിച്ച് മിനാബിലെ കാഴ്ചകൾ"
english_title: "Tehran Times publishes photo of children killed in Minab"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346790/tehran-times-publishes-photo-of-children-killed-in-minab"
published_at: "2026-03-10T13:13:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afe32083b4b_18.jpg"
keywords: []
---

# 'ട്രംപ്, ഈ കണ്ണുകളിലേക്ക് നോക്കൂ'; കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമായി ടെഹ്‌റാൻ ടൈംസ്: ലോകത്തെ കരയിച്ച് മിനാബിലെ കാഴ്ചകൾ

> **Lead Summary:** **ടെഹ്റാൻ: [ **മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചുകൊണ്ട് 'ടെഹ്‌റാൻ ടൈംസ്' പത്രം അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**ടെഹ്റാൻ: [ **മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചുകൊണ്ട് 'ടെഹ്‌റാൻ ടൈംസ്' പത്രം അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

'ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ' എന്ന ഹൃദയഭേദകമായ തലക്കെട്ടോടെയാണ് പത്രം ഈ വാർത്ത പുറത്തുവിട്ടത്. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന പ്രസ്താവനകൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു മുഖപ്രസംഗവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാൻ തലസ്ഥാനത്തുനിന്ന് 965 കിലോമീറ്റർ അകലെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള മിനാബിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളിന് നേരെ മിസൈൽ ആക്രമണം ഉണ്ടായത്. പിഞ്ചുകുട്ടികളടക്കം 160-ഓളം പേരുടെ ജീവൻ കവർന്ന ഈ ദുരന്തം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.

തകർന്ന വിദ്യാലയത്തിന് മുന്നിൽ തങ്ങളുടെ മക്കളെ തിരഞ്ഞ് നിലവിളിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, സംഭവത്തിൽ അമേരിക്കയും ഇസ്രായേലും തങ്ങളുടെ പങ്ക് നിഷേധിക്കുകയാണ് ചെയ്തത്.

അത്തരമൊരു ആക്രമണത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വൈറ്റ് ഹൗസ് വക്താവ് കാരലിൻ ലീവിറ്റും പ്രതികരിച്ചു. ഇതിനുപിന്നാലെ, ഇറാൻ തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി സ്വന്തം സ്‌കൂളിൽ തന്നെ പതിച്ചതാണെന്ന ഗുരുതരമായ ആരോപണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

അമേരിക്കയുടെ ഈ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രം ലോകത്തിന് മുന്നിൽ നിരത്തി ടെഹ്‌റാൻ ടൈംസ് ഇപ്പോൾ പ്രതിഷേധമുയർത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346790/tehran-times-publishes-photo-of-children-killed-in-minab)