---
title: "കോവിഡ് വാക്സിൻ തിരിച്ചടിയായവർക്ക് കൈത്താങ്ങ്; പാർശ്വഫലങ്ങൾക്കും മരണത്തിനും നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്"
english_title: "Death and serious health problems after Covid vaccination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346786/death-and-serious-health-problems-after-covid-vaccination"
published_at: "2026-03-10T13:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afca08cc67f_14.jpg"
keywords: []
---

# കോവിഡ് വാക്സിൻ തിരിച്ചടിയായവർക്ക് കൈത്താങ്ങ്; പാർശ്വഫലങ്ങൾക്കും മരണത്തിനും നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

> **Lead Summary:** **ദില്ലി: [ **കോവിഡ് വാക്സിനേഷൻ എടുത്തതിനുശേഷം മരണം സംഭവിക്കുകയോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ ചെയ്തവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

## Article Content

**ദില്ലി: [ **കോവിഡ് വാക്സിനേഷൻ എടുത്തതിനുശേഷം മരണം സംഭവിക്കുകയോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ ചെയ്തവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

നിലവിലെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഇതിനായി വ്യക്തമായ മാർഗരേഖ തയ്യാറാക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

വാക്സിൻ നിർമ്മാണത്തിലോ വിതരണത്തിലോ പിഴവ് സംഭവിച്ചു എന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ നിലവിൽ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ എന്ന വാദം കോടതി പരിഗണിച്ചില്ല. പകരം, വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർക്ക് അർഹമായ സാമ്പത്തിക സഹായം നൽകുന്ന രീതിയിലായിരിക്കണം പുതിയ നയം വിഭാവനം ചെയ്യേണ്ടത്.

ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നുവെങ്കിലും, ജനങ്ങളുടെ താല്പര്യം മുൻനിർത്തി കേന്ദ്രത്തിന് തന്നെ ഇതിൽ അന്തിമ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള ഹർജികൾ ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. പുതിയ നയം നിലവിൽ വരുന്നത് മറ്റ് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിന് തടസ്സമാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ കെ.എൻ. പ്രഭു, പി. സുരേഷൻ, അൽജോ കെ. ജോസഫ് എന്നിവരാണ് കോടതിയിൽ ഹാജരായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346786/death-and-serious-health-problems-after-covid-vaccination)