---
title: " കന്യാകുമാരി മുട്ടം തീരത്തിന് സമീപം ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ ഡിജി ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു"
english_title: "Boat capsizes after being hit by ship at sea; two fishermen missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346721/Boat-capsizes-after-being-hit-by-ship-at-sea; two fishermen missing"
published_at: "2026-03-10T10:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afb8d2990dd_6.jpg"
keywords: []
---

#  കന്യാകുമാരി മുട്ടം തീരത്തിന് സമീപം ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ ഡിജി ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു

> **Lead Summary:** **തിരുവനന്തപുരം: [ **കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ട്രോളിങ് ബോട്ടിനെ കന്യാകുമാരി മുട്ടം തീരത്തിന് സമീപം ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ 'എംടി സോളിസ്' ഡിജി ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു.

## Article Content

**തിരുവനന്തപുരം: [ **കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ട്രോളിങ് ബോട്ടിനെ കന്യാകുമാരി മുട്ടം തീരത്തിന് സമീപം ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ 'എംടി സോളിസ്' ഡിജി ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച ഉച്ചയോടെ അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപം നടന്ന അപകടത്തിൽ, നീണ്ടകരയിൽ നിന്നുള്ള രാജേഷ് മാത്യുവിന്റെ 'സെയ്ന്റ് ജോസഫ്' എന്ന ബോട്ട് പൂർണ്ണമായും തകർന്ന് മുങ്ങിപ്പോവുകയായിരുന്നു.

ബോട്ട് നിർത്തിയിട്ട് തൊഴിലാളികൾ വിശ്രമിക്കുന്നതിനിടെയാണ് കപ്പൽ ഇടിച്ചു കയറിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒൻപതു പേരെ കപ്പൽ ജീവനക്കാർ തന്നെ രക്ഷപ്പെടുത്തിയെങ്കിലും കടലിൽ കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

അപകടമുണ്ടാക്കിയ ശേഷം യാത്ര തുടരാൻ ശ്രമിച്ച കപ്പലിനെ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് തടഞ്ഞുവെക്കുകയും തുടർന്ന് 'അനഘ്' എന്ന കപ്പലിന്റെ സഹായത്തോടെ വിഴിഞ്ഞം പുറംകടലിൽ എത്തിക്കുകയുമായിരുന്നു.

കൊച്ചിയിൽ നിന്നുള്ള ഡിജി ഷിപ്പിങ് ഉദ്യോഗസ്ഥർ കപ്പലിലെത്തി പ്രാഥമിക സർവേ പൂർത്തിയാക്കി. അപകടം നടന്നത് തമിഴ്‌നാട് പരിധിയിലായതിനാൽ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് രജിസ്റ്റർ ചെയ്ത കേസ് തുടർനടപടികൾക്കായി അങ്ങോട്ടേക്ക് മാറ്റാനാണ് തീരുമാനം.

കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള 20 അംഗ ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അപകടകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346721/Boat-capsizes-after-being-hit-by-ship-at-sea; two fishermen missing)